 
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ രാത്രികാല പോസ്റ്റ്‌മോർട്ടം ഒക്ടോബർ ഒന്ന് മുതൽ തുടരുന്നുണ്ടെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. എം.എൽ.എമാരായ അഡ്വ. യു.എ ലത്തീഫ്, പി. അബ്ദുൽ ഹമീദ് എന്നിവരാണ് ഇതുസംബന്ധിച്ച വിശദീകരണം വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർമാർ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും നിലവിൽ രാത്രി എട്ട് മണി വരെ നടക്കുന്ന പോസ്റ്റ് മോർട്ടം തുടരുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നിലവിലുള്ള ഡോക്ടർമാർക്ക് അക്കാദമിക് കാര്യങ്ങൾ, പരീക്ഷ നടത്തിപ്പ്, കോടതി ഡ്യൂട്ടി എന്നിങ്ങനെ ജോലിഭാരം കൂടുതലാണെന്നും അതിനാൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു.
പൊന്നാനിയിൽ കൃഷിവകുപ്പ് മുഖേന നൽകിയ മുളയ്ക്കാത്ത നെൽവിത്തിന് കർഷകർക്ക് പകരം വിത്ത് ലഭ്യമാക്കണമെന്നും നഷ്ടപരിഹാരം ലഭിക്കാൻ കർഷകർ വിത്ത് തിരിച്ചുനൽകണമെന്ന കൃഷിവകുപ്പിന്റെ വാദം വിചിത്രമാണെന്ന് പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. വിതച്ച വിത്ത് കർഷകർ എങ്ങനെ തിരിച്ചുനൽകും എന്നായിരുന്നു എം.എൽ.എയുടെ ചോദ്യം. വിത്ത് മുളച്ചില്ലെന്ന് കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകിയാൽ പകരം വിത്ത് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദേശം നൽകി. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയടയ്ക്കുന്ന പ്രവൃത്തികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നും പി. നന്ദകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. കൃഷിയെയും കുടിവെള്ള വിതരണത്തെയും ഇത് ബാധിക്കുന്നുണ്ട്. മഴക്കാലം തുടങ്ങും മുമ്പ് ചോർച്ചയടക്കാനുള്ള നടപടികൾ പൂർത്തീകരിച്ചില്ലെങ്കിൽ പ്രവൃത്തി വീണ്ടും നീണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രോഗികളോട് മോശമായി പെരുമാറുകയും ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ഡോക്ടർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യത്തിൽ കെ.പി.എ മജീദ് എം.എൽ.എ ജില്ലാ മെഡിക്കൽ ഓഫീസറോട് ആരാഞ്ഞു. വിഷയത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എം.സി.എഫിനായി കണ്ടെത്തിയ 20 സെന്റ് സ്ഥലം ഏറ്റെടുത്ത് നൽകാൻ സാങ്കേതിക തടസ്സങ്ങളില്ലെന്നും ഭൂമി എത്രയും വേഗം ലഭ്യമാക്കുമെന്നും ജില്ലാ കളക്ടർ കെ.പി.എ മജീദ് എം.എൽ.എയെ അറിയിച്ചു.
സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ദേശീയപാത നിർമാണ അതോറിറ്റി വലിയ വീഴ്ചവരുത്തുന്നുവെന്ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ പറഞ്ഞു. നിരവധി പേരുടെ ജീവൻ പൊലിയാനിടയാകുന്ന അവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണം. ദേശീയപാതയിലെ ഡ്രൈനേജ് ഔട്‌ലെറ്റ് വഴി വീടുകളിലേക്ക് വെള്ളം കയറുന്ന പ്രശ്നം നിരവധി തവണ ഉന്നയിച്ച കാര്യവും എം.എൽ.എ ഓർമിപ്പിച്ചു. ദേശീയപാത 66ൽ നിന്ന് പരപ്പനങ്ങാടി റോഡിലേക്ക് തിരിയുന്ന ഭാഗത്തെ ഗതാഗതക്കുരുക്ക് തീർക്കുന്നതിന് അടിയന്തര നടപടി വേണം. പണി പൂർത്തിയായ ഭാഗങ്ങൾ ഉടൻ തുറന്നുകൊടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
കോട്ടയ്ക്കൽ മണ്ഡലത്തിലെ എടയൂർ, ഇരിമ്പിളിയം, മാറാക്കര, പൊൻമള, കുറ്റിപ്പുറം എന്നിവിടങ്ങളിൽ കുടിവെള്ള പദ്ധതികൾക്കായി കട്ടിങ് നടത്തിയ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി വാട്ടർ അതോറിറ്റി എക്സി. എഞ്ചിനീയർ അറിയിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ മൂന്ന് റോഡുകളുടെ കൂടി റെസ്റ്റോറേഷൻ പ്രവൃത്തികൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംഗ് കോംപ്ക്സിന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചില്ല് തകർത്ത സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് പി. ഉബൈദുള്ള എം.എൽ.എ ആവശ്യപ്പെട്ടു.
ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് അദ്ധ്യക്ഷത വഹിച്ചു. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, അസി. കളക്ടർ വി.എം.ആര്യ, നഗരസഭാ അദ്ധ്യക്ഷർ, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസർ പി.ഡി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.