കോട്ടക്കൽ: ചേച്ചിയായ അഭിരാമിയുടെ ചുവടുകൾ കണ്ട് പഠിച്ചാണ് പി.അഭിമന്യു നൃത്തം അഭ്യസിച്ചത്. ജി.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയായ അഭിമന്യു ഹൈസ്‌ക്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ ഒന്നാമതെത്തിയപ്പോൾ ചേച്ചിയുടെ ആഗ്രഹം പൂവണിഞ്ഞു. നാടോടിനൃത്തം, കുച്ചുപ്പിടി മത്സരങ്ങളിലും ഒന്നാംസ്ഥാനം നേടി.
സാമ്പത്തിക പരാധീനതകൾ കാരണം നൃത്തത്തിൽ അതീവ താല്പര്യമുണ്ടായിരുന്ന അഭിമന്യുവിനെ ക്ലാസിക്കൽ നൃത്തം അഭ്യസിക്കാൻ വിടാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല. പകരം, സഹോദരി നൃത്താദ്ധ്യാപികയായി. മാത്രമല്ല, ചേച്ചിയുടെ നൃത്തച്ചുവടുകളുടെ വീഡിയോ കണ്ട് പഠിക്കുന്നതും പതിവായിരുന്നു.

ഒരു വർഷം മുമ്പാണ് മോഹനൻ, ഗണേഷ് ബാബു, രമ മോഹൻ എന്നിവരുടെ കീഴിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയത്. അഭിമന്യുവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും അഭിരുചിയും കൃത്യമായി അറിയുന്നതിനാൽ ഫീസ് പലപ്പോഴും വാങ്ങാറില്ല. ചേച്ചിയും നൃത്തത്തിൽ പരിശീലനം നൽകാറുണ്ട്. കഴിഞ്ഞ വർഷവും ഭരതനാട്യത്തിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. അന്ന് ചേച്ചിയാണ് നൃത്തം പഠിപ്പിച്ചത്.