malappuram
​വയനാട്ടിലെ വി​ജ​യത്തിൽ ജ​ന​ങ്ങ​ളോ​ട് ​ന​ന്ദി​ ​പ​റ​യാ​നെ​ത്തി​യ​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധിയെ എടവണ്ണയിലെ സ്വീകരണത്തിൽ വെച്ച് യുവതി ആശ്ലേഷിക്കുന്നു.

കരുളായി: ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിക്ക് ജില്ലയിലെ വിവിധയിടങ്ങളിൽ ഉജ്വല സ്വീകരണം. രാഹുൽ ഗാന്ധിയോടൊപ്പമുള്ള മുക്കത്തെ വിജയാരവം പരിപാടി കഴിഞ്ഞ് 3.20 ഓടെയാണ് പ്രിയങ്ക ഗാന്ധി ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ നിലമ്പൂർ നിയോജക മണ്ഡലത്തിലെ കരുളായിയിൽ എത്തിയത്. വഴിയിലുടനീളം നിരവധി ജനങ്ങളാണ് തങ്ങളുടെ എം.പിയെ കാണാനും അഭിവാദ്യം ചെയ്യാനുമായി കാത്തുനിന്നത്. ചിലയിടങ്ങളിൽ വാഹനം നിർത്തി അവരോട് കുശലാന്വേഷണങ്ങൾ നടത്തിയും നന്ദി പറഞ്ഞും അവരെ അഭിവാദ്യം ചെയ്തും പ്രിയങ്ക ഗാന്ധി മുന്നോട്ടുനീങ്ങി. വയനാട്ടിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ കഠിനാധ്വാനം ചെയ്യാൻ പോവുകയാണെന്ന് പ്രിയങ്ക പറഞ്ഞു. നമ്മൾ നടത്തുന്ന പോരാട്ടം രണ്ട് തലങ്ങളിലാണ്. ആദ്യത്തെ പോരാട്ടം ജനങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ളതാണ്. ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങളും വിദ്യാഭ്യാസ, സേവന സംവിധാനങ്ങളും അടക്കമുള്ളവ മെച്ചപ്പെടുത്താൻ വേണ്ടിയാണ്. റോഡുകളുടെ വികസനം, വിനോദ സഞ്ചാര മേഖലയുടെ പുരോഗതി, രാത്രി യാത്ര നിരോധനം, മനുഷ്യ വന്യജീവി സംഘർഷം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതൊക്കെ ചെയ്യുകയെന്നത് തന്റെ ദൗത്യമാണ്. രാജ്യം മുഴുവൻ ഇന്ത്യൻ ഭരണഘടനയ്ക്ക് വേണ്ടി പോരാടുകയാണ്. രാജ്യത്തിന്റെ മൂല്യങ്ങൾ വീണ്ടെടുക്കുന്നതിന് വേണ്ടി പോരാടുകയാണ്. അതാണ് രണ്ടാമത്തെ പോരാട്ടം. ഭരണഘടന മൂല്യങ്ങളെ ബഹുമാനിക്കാത്ത ബി.ജെ.പിക്കെതിരെയാണ് നമ്മൾ പോരാടുന്നത്. രാജ്യത്തെ സ്വത്തുക്കൾ ചുരുക്കം ചില സമ്പന്നർക്ക് വേണ്ടി എഴുതിക്കൊടുക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഉത്തരമില്ലാത്തതുകൊണ്ട് പാർലമെന്റ് തടസപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എൻ.എ കരീം, പഞ്ചായത്ത് ചെയർമാൻ സുരേഷ് കരുളായി, കെ.പി ജൽസീമിയ, അബ്ദുൽ നാസർ കക്കോടൻ പങ്കെടുത്തു.