near-2-me

പാലക്കാട്: നാട്ടുകാർ തമ്മിൽ സാധനസാമഗ്രികൾ വിൽക്കാനും വാങ്ങാനും കടയുംവേണ്ട,ചന്തയും വേണ്ട.അതിന് മൊബൈൽഫോണിലെ നിയർ 2 മി ആപ്പ് ഉപയോഗിച്ചാൽ മതി. സൈറ്റുവഴിയും ചെയ്യാം

പഴം, പച്ചക്കറി, കിഴങ്ങുവിളകൾ, പാലും തൈരും നെയ്യും അച്ചാറും കുടംപുളിയും കരകൗശലവസ്തുക്കൾ.... അങ്ങനെ എന്തും വിൽക്കാം. സേവനങ്ങളും കൈമാറാം.

വിവിധ ജില്ലകളിലെ നാലായിരത്തിലധികംപേർ ഉപയോഗിക്കുന്നുണ്ട്.

നിലവിൽ സേവനം സൗജന്യമാണ്.ആപ്പിന്റെ വരിക്കാരായാൽ മാത്രംമതി. ബിസിനസ് വിപുലമായ ശേഷം വരിസംഖ്യ ഈടാക്കാനാണ് ആലോചന.

പാലക്കാട് വടവന്നൂർ പിലാപ്പുള്ളി കളത്തിൽ വീട്ടിൽ അരുൺനാരായണൻകുട്ടിയും ഭാര്യ രശ്മിയുടെയും സ്ഥാപനമായ അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്.

ഡോ. നാരായണൻകുട്ടിയുടെയും പരേതയായ ഗീത നാരായണൻകുട്ടിയുടെയും മകൻ അരുൺ എം.സി.എ പൂർത്തിയാക്കിയശേഷം 15 വർഷത്തോളം വിദേശത്ത് വിപ്രോയിലും ക്വസ്റ്റ് ഗ്ലോബലിലുമായി ജോലിചെയ്തു. 2019ൽ അമ്മയുടെ വിയോഗത്തിന് ശേഷം നാട്ടിലെത്തിയ അരുൺ ജൈവകൃഷി, ആട്, കോഴി വളർത്തലിലേക്കും തിരിഞ്ഞു. വിപണനം എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ആലോചിച്ചത്.

ഇടപാടുകൾ സ്വയം ചെയ്യാം,

സ്ഥാപനം ഇടനിലക്കാരല്ല

# കൊടുക്കൽ വാങ്ങലുകൾക്ക് http://near2me.info/ വെബ്‌സൈറ്റ് സന്ദർശിച്ച് വരിക്കാരായി, ലൊക്കേഷൻ സെലക്ട് ചെയ്യുക. ഉത്പന്നത്തിന്റെ പേരും വിവരണവും ടൈപ് ചെയ്യണം. ഉത്പന്നത്തിന്റെ 2 ഫോട്ടോയും നൽകണം. ഒ.ടി.പി ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്.

# ഡിജിറ്റൽ മാപ്പിംഗിലൂടെ ലൊക്കേഷൻ നിർണയിച്ചാണ് നിശ്ചിത പരിധിക്കുള്ളിൽ നിന്ന് ആവശ്യക്കാരെയും വിൽപനക്കാരെയും കണ്ടെത്തുന്നത് . 200 മീറ്റർ മുതൽ 25 കിലോമീറ്ററിനുള്ളിൽ ഇടപാട് നടത്താം.

പരസ്പരം ഫോണിലൂടെയോ ഇ - മെയിലിലൂടെയോ ബന്ധപ്പെടുന്നതും ഇടപാട് ഉറപ്പിക്കുന്നതും ഉത്പന്നം കൈമാറുന്നതും കക്ഷികളുടെ ഉത്തരവാദിത്തം.


`മറ്റു കച്ചവടതാൽപര്യങ്ങളില്ല. കുടുംബശ്രീ ഉൽപന്നങ്ങൾക്കു പുറമേ കൃഷിക്കാരുടെയും കർഷക ഗ്രൂപ്പുകളുടെയും ഉൽപന്നങ്ങൾ ലഭിക്കും. പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തമാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'

-അരുൺ നാരായണൻകുട്ടി

ഫൗണ്ടർ, നിയർ ടു മി ആപ്പ്