പട്ടാമ്പി: തൃത്താല ബ്ലോക്കാഫീസ് ഉൾപ്പെടുന്ന മിനി സിവിൽ സ്റ്റേഷനോട് ചേർന്നുള്ള നാഗലശ്ശേരി വില്ലേജ് ഓഫീസ് കെട്ടിടം കാലപ്പഴക്കത്താൽ ഏത് സമയവും തകർന്ന് വീഴാവുന്ന സ്ഥിതിയിൽ. 40 വർഷം പഴക്കമുള്ള കെട്ടിടം ശോചനീയാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും നവീകരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. തൊട്ടടുത്തുള്ള നാഗലശേരി പഞ്ചായത്ത് ഓഫീസിലേക്കുള്ള വഴിയും ഈ കെട്ടിടത്തോട് ചേർന്നാണുള്ളത്. നല്ലൊരു കാറ്റും മഴയും വന്നാൽ ഓഫീസിനകത്ത് നിൽക്കാൻ പോലും ഭയമാകുമെന്ന് ജീവനക്കാരും ഓഫീസിലെത്തുന്നവരും പറയുന്നു. വിവിധ ആവശ്യങ്ങൾക്കായി വില്ലേജിൽ എത്തുന്നവർക്ക് ക്യൂ നിൽക്കാൻ പോലും സ്ഥലമില്ല.
ദ്രവിച്ച് വീഴാറായ കെട്ടിടത്തിന് മുകളിൽ പുല്ല് വളർന്ന് തുടങ്ങി.
നിന്ന് തിരിയാൻ ഇടമില്ല
സ്ഥല പരിമിതിയാണ് വില്ലേജ് ഓഫീസിന്റെ വികസനത്തിന് പ്രധാന തടസം. രാവിലെ വില്ലേജിൽ എത്തുന്നവർ ഓഫീസിനു മുന്നിലുള്ള ചെറിയ വരാന്തയിലെ പലക ബെഞ്ചിൽ ഒരു കല്ലിനടിയിൽ അപേക്ഷ എഴുതിവെച്ചാൽ മുൻഗണന പ്രകാരം പ്യൂൺ എടുത്ത് ഓഫീസിനകത്തേക്ക് കൊണ്ടുപോകും. ജനൽപ്പാളിയിലൂടെ വേണം ഓഫീസിലെ ജീവനക്കാർക്ക് സംസാരിക്കാൻ. നിന്ന് തിരിയാൻ ഇടമില്ലാത്ത ഓഫീസിനകത്ത്, ഒരാൾക്ക് മാത്രം ഉള്ളിൽ പ്രവേശിക്കാൻ അനുമതി കിട്ടും. തിക്കിത്തിരക്കി ഏറെ സമയമെടുത്താണ് ഈ ഓഫീസിൽ നിന്ന് സേവനങ്ങൾ നടത്തി തിരിച്ചു പോകാനാകുന്നതെന്ന് വില്ലേജിലെത്തുന്നവർ പറയുന്നു. ജീവനക്കാരും ജീവൻ പണയം വെച്ചാണ് ഇതിനകത്ത് കഴിഞ്ഞു കൂടുന്നത്. കെട്ടിടത്തിന്റെ മേൽക്കൂരയിലും ചുമരുകളിലും വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. വൈദ്യുതി സാമഗ്രികളും ചിതൽ കയറിയ നിലയിലാണ്. ഫയലുകൾ സൂക്ഷിക്കുന്നതിന് യാതൊരു സുരക്ഷിതത്വവുമില്ല. മഴപെയ്താൽ വെള്ളം ഓഫീസിനുള്ളിലേക്ക് കയറും. ഇതുമൂലം ഓഫീസിലെ രേഖകളും മറ്റും സംരക്ഷിക്കാൻ ജീവനക്കാർ പെടാപ്പാട് പെടുകയാണ്. മഴവെള്ളത്തെ പ്രതിരോധിക്കാൻ ചെറിയ പ്ലാസ്റ്റിക് ബക്കറ്റുകളും പാത്രങ്ങളും ജീവനക്കാർ വർഷങ്ങളായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മഴപെയ്താൽ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാർ മഴവെള്ളം ബക്കറ്റിൽ പിടിച്ച് പുറത്തു കൊണ്ടുപോയി കളയുകയാണ് പതിവ്.