shivarajan
ശിവരാജൻ

 കേരള ബാങ്കിനും കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനും തിരിച്ചടി.

മാത്തൂർ: അളന്ന നെല്ലിന്റെ കാശ് അക്കൗണ്ടിൽ ഉണ്ടായിട്ടും കർഷകന് അനുവദിച്ചില്ല. കേരള ബാങ്കിനും കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനും ചേർന്ന് കർഷകന് 20000 നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിറക്കി. കോട്ടായി മാത്തൂർ ആലംകുളങ്ങര പൂവക്കോട് ജി.ശിവരാജനാണ് നഷ്ടപരിഹാരം കൊടുക്കാൻ കോടതി വിധിച്ചത്. 2022-23 ലെ ഒന്നാം വിളയുടെ നെല്ലളന്നതിന്റെ പണം ശിവരാജന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നിട്ടും ബാങ്ക് തുക അനുവദിച്ചിരുന്നില്ല. 171 ചാക്കിലായി 9420 കിലോ നെല്ലാണ് അളന്നത്. ഇതിന്റെ പണം അക്കൗണ്ടിൽ എത്തി എന്നറിഞ്ഞ ശിവരാജൻ 1.35 ലക്ഷം രൂപയുടെ ചെക്ക് ബാങ്കിൽ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തുക അനുവദിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ശിവരാജനോട് അടുത്ത ദിവസം വരാൻ നിർദ്ദേശിച്ചു. അടുത്ത ദിവസം എത്തിയപ്പോൾ ബാങ്ക് വായ്പ അപേക്ഷകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. ഒപ്പിടാൻ വിസമ്മതിച്ച ശിവരാജന് തുക നൽകിയില്ല. തുടർന്ന് സപ്ലൈകോ ക്രെഡിറ്റ് ചെയ്ത തുക പിൻവലിക്കുകയും ചെയ്തതോടെ ശിവരാജൻ പ്രതിസന്ധിയിലായി. എല്ലാ വഴികളും അടഞ്ഞതോടെയാണ് കോടതിയെ സമീപിച്ചത്. ബാങ്കിന്റെയും സപ്ലൈകോയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച തിരിച്ചറിഞ്ഞ കോടതി ശിവരാജിന് അനുകൂലമായി ഉത്തരവിറക്കുകയും ചെയ്തു. അവകാശപ്പെട്ട തുക മാത്രമാണ് ബാങ്കിനോട് ചോദിച്ചതെന്ന് ശിവരാജൻ പറഞ്ഞു. ബാങ്കും സപ്ലൈകോയും കൈവിട്ടതോടെ കോടതിയിൽ മാത്രമാണ് പ്രതീക്ഷയുണ്ടായിരുന്നത്. കോടതിവിധി അനുകൂലമായതിൽ സന്തോഷമുണ്ടെന്നും ശിവരാജൻ പറഞ്ഞു.