
ചിറ്റൂർ: മേഖലയിൽ നേരത്തെ കൊയ്ത്തു കഴിഞ്ഞ നല്ലേപ്പിള്ളി പൊൽപ്പുള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ രണ്ടാം വിളയ്ക്കായുള്ള നടീൽ ജോലികൾ ആരംഭിച്ചു. ഒരു മാസം മുമ്പ് തയ്യാറാക്കിയ ഞാറാണ് നടീലിന് ഉപയോഗിക്കുന്നത്. കൊയ്ത്തിന് 20 ദിവസം മുമ്പാണ് പൊന്മണി നെൽ വിത്ത് പാകിയത്. 5 മാസമാണ് നെല്ലിന്റെ മൂപ്പ്. ഞാറിൽ ഒരു മാസം കഴിഞ്ഞാൻ നാല് മാസം കൊണ്ടു കൊയ്ത്ത് നടത്താൻ കഴിയും. ആദ്യം കൊയ്യ്താൽ വൈക്കോലും നല്ല വിലയ്ക്ക് വിൽക്കാനും കഴിയും. സീസണിൽ ലഭിക്കുന്ന വിലയേക്കാൾ ഇരട്ടിയിലേറെ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടീൽ നടത്തുന്ന കർഷകർ. എന്നാലും നെല്ല് സംഭരണത്തിന് മാസങ്ങൾ കാത്തിരിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. വൈകി കൃഷിയിറക്കിയതിനാൽ നെല്ല് കൊയ്ത്തിന് പാകാമാകാത്ത കർഷകരും ഉണ്ട്. ഇപ്പോൾ നടീൽ നടത്തുന്നവരും ഇനി മേൽ നിലമൊരുക്കി കൃഷി ചെയ്യുന്നവരും തമ്മിൽ ഒരു മാസത്തെ വ്യത്യാസം വരും. അതിനാൽ എല്ലാവരും ഒരുമിച്ച് കൃഷി പണികൾ ആരംഭിക്കുമ്പോഴുള്ള തൊഴിലാഴി ക്ഷാമം ഇപ്പോൾ നടത്തുന്നവർക്കില്ല എന്നത് ആശ്വാസകരമാണെന്ന് കർഷകർ പറഞ്ഞു.