ചിറ്റൂർ: പ്രതികൂല കാലാവസ്ഥ, സ്ഥലപരിമിതി, കൂടാതെ തൊഴിലാളി ക്ഷാമം കൂടിയായപ്പോൾ ചിറ്റൂർ മേഖലയിൽ കൊയ്‌തെടുത്ത നെല്ല് ഉണക്കാനും കാറ്റത്ത് വിട്ട് പതിര് വേർപെടുത്തി ചാക്കിലാക്കാനും യന്ത്രങ്ങളെ ആശ്രയിച്ച് കർഷകർ. യന്ത്രംഉപയോഗിക്കുമ്പോൾ 10000 കിലോഗ്രാമിൽ കൂടുതൽ നെല്ല് ഒറ്റ ദിവസം കൊണ്ട് കാറ്റത്തുവിട്ട് ചാക്കിലാക്കി ചാക്ക് തുന്നി കെട്ടി അട്ടിയിടാൻ കഴിയും. യന്ത്രമില്ലാതെ സാധാരണ ഗതിയിൽ ഇത്രയും ജോലി ചെയ്യാൻ ദിവസങ്ങളെടുക്കുമെന്ന് കർഷകർ പറയുന്നു. യന്ത്രത്തിന് ഒരു ദിവസം 1000 മുതൽ 1250 രൂപ വരെ ഉടമസ്ഥർ വാടക ഈടാക്കുന്നുണ്ട്. സാധാരണ10000 കിലോഗ്രാം നെല്ല് ചാക്കിലാക്കി നിറച്ച് ചാക്ക് തുന്നി അടുക്കി വെക്കാൻ 25ൽ കുറയാത്ത ആളുകളുടെ കൂലിയാകും. യന്ത്രം ഉപയോഗിക്കുമ്മ്‌പോൾ ഏഴോ എട്ടോ തൊഴിലാളികൾ മതിയാകും. സപ്ലൈകോയ്ക്ക് ഒട്ടും പതിരില്ലാത്ത വൃത്തിയായ നെല്ല് കിട്ടുകയും ചെയ്യും. മില്ലുടമകൾക്ക് നിശ്ചിത അളവിൽ തന്നെ അരിയും ലഭിക്കും. രാവിലെ 9 മണി മുതൽ 4 മണി വരെ സമയം കൊണ്ട് 15000 കിലോഗ്രാം നെല്ല് കാറ്റത്ത് വിടാൻ യന്ത്രത്തിനു കഴിയും. ഉണക്കി കൂട്ടിയ നെല്ല് മോട്ടോറിൽ ഘടിപ്പിച്ച ഹോസിലൂടെ വലിച്ചെടുത്ത് ഫാൻ ഘടിപ്പിച്ച ഹള്ളറിൽ തളളും. അതിൽ 1 എച്ച്.പി മോട്ടോറിൽ ഘടിപ്പിച്ച ഫാൻ നെല്ലും പതിരും വേർതിരിക്കും. ഒരു ഭാഗത്ത് നല്ല നെല്ല് വീഴുമ്പോൾ മറ്റൊരു ഭാഗത്ത് അരമണി അരിയുള്ള കതിരു വീഴും. മറ്റൊരു ഭാഗത്ത് പൂർണ്ണമായ നല്ല നെല്ല് വീഴും. ഇങ്ങനെയാണ് പ്രവർത്തന രീതി. നല്ല നെല്ല് വീഴുന്ന ഭാഗത്ത് 2 പേർ ചാക്കിലാക്കണം നിശ്ചിത അളവിൽ ചാക്ക് നിറഞ്ഞാൽ ചാക്ക് മാറ്റാം. നെല്ല് വലിച്ചെടുക്കുന്ന ഹോസിൻ നെല്ല് വലിച്ചു കൂട്ടി കൊടുക്കണം. ഒരു ഹെക്ടറിനു മുകളിൽ കൃഷിസ്ഥലമുള്ളവർക്ക് ഇത് ലാഭകരമാണ്.
കാർഷിക മേഖലയിൽ നിലവിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഒന്നോ രണ്ടോ വീതം പാടശേഖരങ്ങൾക്ക് ഇത്തരം യന്ത്രങ്ങൾ സബ്ബ്സിഡി നിരക്കിൽ ലഭ്യമാക്കിയാൽ കർഷകർക്ക് കുറഞ്ഞ ചെലവിൽ നെല്ല് ഉണക്കി ചാക്കിലാക്കാൻ സാധിക്കുമെന്ന് കർഷകരായ വി.രാജൻ, കെ.ബി.ബിജു, കെ.രാമചന്ദ്രൻ എന്നിവർ പറഞ്ഞു.