
ഹാൾ ടിക്കറ്റ് ലഭിക്കാതെയും പരീക്ഷവിവരം അറിയാതെയും നിരവധിപേർ
സാധാരണഗതിയിൽ ഹാൾടിക്കറ്റ് ലഭിക്കേണ്ടിയിരുന്നത് തപാലിലൂടെ
ഉദ്യോഗാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് ലഭിച്ചത് പരീക്ഷാ കേന്ദ്രത്തിൽ നിന്ന്
പാലക്കാട്: കുടുംബശ്രീ പാലക്കാട് ജില്ലാ മിഷനിലും സി.ഡി.എസുകളിലുമായി ഹരിത കർമ്മ സേന പദ്ധതി നിർവഹണത്തിനായി ഹരിത കർമ്മ സേന കോർഡിനേറ്റർമാരെ നിയമിക്കുന്ന പരീക്ഷയിൽ വൻ വീഴ്ചയെന്ന് ഉദ്യോഗാർത്ഥികൾ. കഴിഞ്ഞ ദിവസം പാലക്കാട് മോയൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന പരീക്ഷയിലാണ് വീഴ്ച ഉണ്ടായത്. കുടുംബശ്രീക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. 200 രൂപയുടെ ഡി.ഡി കുടുംബശ്രീയുടെ പേരിൽ അടച്ചാണ് ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചത്.
സാധാരണഗതിയിൽ തപാലിലാണ് ഹാൾടിക്കറ്റ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ പരീക്ഷയുടെ തലേന്ന് വരെ ഭൂരിഭാഗം പേർക്കും ഹാൾടിക്കറ്റ് ലഭിച്ചിരുന്നില്ല. കുടുംബശ്രീയിൽ നിന്നും ടെലിഫോൺ വഴിയാണ് ഉദ്യോഗാർത്ഥികളെ വിളിച്ച് പരീക്ഷയുടെ വിവരം പറഞ്ഞത്. തുടർന്ന് തിരിച്ചറിയൽ രേഖയുമായി പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിൽ നിന്നുമാണ് അധികൃതർ ഹാൾ ടിക്കറ്റ് പ്രിന്റ് എടുത്തു നൽകിയത്.
സമയം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമെത്തിയവരും പരീക്ഷയെഴുതി
പരീക്ഷയുടെ റിപ്പോർട്ട് സമയമായ 10.30 ന് ശേഷം എത്തിയ നിരവധി ഉദ്യോഗർത്ഥികളെ അധികൃതർ തിരിച്ചുവിട്ടു. കൃത്യമായ വിവരം ലഭിക്കാത്തതിനാലാണ് തങ്ങൾ പരീക്ഷയ്ക്ക് എത്താൻ വൈകിയതെന്നായിരുന്നു ഉദ്യോഗാർത്ഥികളുടെ പക്ഷം. തുടർന്ന് നിരവധി ഉദ്യോഗാർത്ഥികൾ മടങ്ങിപ്പോകുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷം 25ലധികം ഉദ്യോഗാർത്ഥികൾ ഗേറ്റ് തുറന്ന് പരീക്ഷാഹാളിൽ പ്രവേശിച്ച് പരീക്ഷയെഴുതുകയും ചെയ്തു.
കുടുംബശ്രീ മിഷനെ സമീപിക്കാനൊരുങ്ങി ഉദ്യോഗാർത്ഥികൾ
വൈകിയെത്തിയ പലരുടെയും ഹാൾടിക്കറ്റിന്റെ രേഖകളും വിവരങ്ങളും തെറ്റായിരുന്നുവെന്നും ഇത് നോക്കാതെയാണ് അധികൃതർ അവരെ പരീക്ഷയെഴുതാൻ അനുവദിച്ചത് എന്നുമാണ് പരീക്ഷയെഴുതിയ ചില ഉദ്യോഗാർത്ഥികളുടെ പക്ഷം. സുതാര്യതയില്ലാത്ത രീതിയിൽ പരീക്ഷ നടത്തിയതിനെതിരെ കുടുംബശ്രീ മിഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.
പരീക്ഷയുടെ തലേ ദിവസമാണ് അധികൃതർ പരീക്ഷ തീയതി വിളിച്ച് അറിയിച്ചത്. ഹാൾ ടിക്കറ്റ് ലഭിച്ചില്ല എന്നതിന് മറുപടിയായി പരീക്ഷ ദിവസം നേരത്തെ വരാൻ ആവശ്യപ്പെട്ടു. പല ഉദ്യോഗാർത്ഥികളുടെയും രേഖകൾ കൃത്യമല്ലാത്ത രീതിയിലാണ് ഹാൾടിക്കറ്റിലുള്ളത്. പരീക്ഷയുടെ സുതാര്യതയുടെ കാര്യത്തിൽ സംശയമുണ്ട്.
വി.വിജിമോൾ, മുതലമട പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥി.
പരീക്ഷയുടെ സുതാര്യത നഷ്ടപ്പെട്ടുവെന്നത് വ്യക്തമാണ്. റിപ്പോർട്ടിംഗ് സമയത്തിന് ശേഷം സെക്കൻഡ് ബെല്ലും കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷവും എത്തിയ ഉദ്യോഗർത്ഥികൾ പരീക്ഷയെഴുതിയതിന് പിന്നിൽ ശക്തമായ ബാഹ്യ ഇടപെടലുകളുണ്ട്. അധികൃതരെ നോക്കുകുത്തിയാക്കി നിയമം കാറ്റിൽ പറത്തിയാണ് പരീക്ഷ നടന്നത്.
പി.ടി.സതീഷ്, കുത്തന്നൂർ പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർത്ഥിയുടെ രക്ഷിതാവ്.