sarin

പാലക്കാട്: ആർ.എസ്.എസ് - കോൺഗ്രസ് ഡീൽ,​ സി.പി.എം ക്രോസ് വോട്ട്,​ കൊടകര കുഴൽപ്പണം,​ അണികളുടെ കൊഴി‌ഞ്ഞുപോക്ക്....

പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ ചർച്ചയായ ഇവയിലേക്ക് കല്യാണവേദിയിലെ ഹസ്തദാനവും ഇന്നലെ ഇടംപിടിച്ചു.

ബി.ജെ.പി നഗരസഭാ കൗൺസിലർ നടേശന്റെ മകളുടെ വിവാഹവേദിയാണ് രംഗം. രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കൾ എത്തുന്നു. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിനും കോൺഗ്രസ് വിമത നേതാവും മുൻ ഡി.സി.സി പ്രസിഡന്റുമായ എ.വി.ഗോപിനാഥും വധൂവരൻമാരെ ആശംസകൾ അറിയിച്ച് മടങ്ങവേ, യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എം.പിയും ഹാളിലേക്ക് പ്രവേശിക്കുന്നു. ഗോപിനാഥിനെ ആശ്ലേഷിച്ച് ഇരുവരും സൗഹൃദം പങ്കുവെച്ചു... അടുത്തുനിന്ന പി.സരിനെ കണ്ടഭാവം നടിച്ചില്ല... സരിൻ താനും ഇവിടെ ഉണ്ടെന്ന് ഷാഫിയുടെ തോളിൽത്തട്ടി പലവട്ടം പറഞ്ഞു.​ അവിടെതന്നെ ഉണ്ടാകണമെന്ന് മുഖംകൊടുക്കാതെ പ്രതികരിച്ച് ഷാഫി മുന്നോട്ട്... കൂടെ രാഹുലും. ഒരു കൈ തന്നിട്ട് പോ... രാഹുലേ,​,. ഷാഫി എന്ന് ഉറക്കെ വിളിച്ചെങ്കിലും ഇരുവരും കേട്ടില്ലെന്ന് നടിച്ചു.

ഹസ്തദാനം നൽകാതെ പോയത് മോശമെന്നും എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സരിൻ പ്രതികരിച്ചു.

'എനിക്ക് കപടമുഖമില്ല, എന്ത് ചെയ്താലും ആത്മാർത്ഥമായാണ്. ചിരിക്കുന്നതും ആത്മാർത്ഥമായി മാത്രമാണ്. അല്ലാതെ ചെയ്യാൻ അറിയില്ല'- ഇതായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. സരിൻ ഇപ്പുറമുണ്ടെന്ന് പറഞ്ഞു, അപ്പുറം തന്നെ വേണമെന്ന് താനും പറഞ്ഞെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.

രാഷ്ട്രീയത്തിൽ കൈകൊടുക്കുന്നതിന് എന്താണ് കുഴപ്പമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സരിന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും കൈ കൊടുക്കാതിരുന്നത് നിഴൽ നാടകമെന്നും അദ്ദേഹം പറഞ്ഞു.