s

പാലക്കാട്: ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം തുടർന്ന് പാർട്ടി നേതാവ് സന്ദീപ് വാര്യർ. പാർട്ടിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യർമാർ പാലക്കാട്ടുണ്ട്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഇനി പ്രതീക്ഷയില്ലെന്നും സന്ദീപ് വാര്യർ തുറന്നടിച്ചു.

ഫേസ് ബുക്ക് പോസ്റ്റിലൂടെ നേതൃത്വത്തെ വിമർശിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോടായിരുന്നു സന്ദീപിന്റെ തുറന്നു പറച്ചിൽ. ഇപ്പോഴും ബി.ജെ.പി പ്രവർത്തകനാണ്. പാലക്കാട് പ്രചാരണത്തിന് പോകില്ല. സി.പി.എമ്മുമായി ചർച്ച നടത്തിയിട്ടില്ല. . സംസ്ഥാന അദ്ധ്യക്ഷൻ രണ്ടു തവണ വിളിച്ചിരുന്നു. പ്രചാരണത്തിൽ സജീവമാകണമെന്ന് പറഞ്ഞു. തന്റെ പരാതികൾ അപ്പോൾ അറിയിച്ചെങ്കിലും പരിഹരിക്കാനുള്ള നടപടിയുണ്ടായില്ല. അച്ചടക്ക നടപടിയെടുക്കാൻ മാത്രം വലിയ നേതാവൊന്നുമല്ല താൻ. സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ്. പാലക്കാട് ജില്ലയിൽ നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനം തുടങ്ങിയവ നേരിടേണ്ടിവന്നു. ആരാണിതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവർക്ക് ബോദ്ധ്യമാകുമെന്ന്

സി കൃഷ്ണകുമാറിന്റെ പേര് പരാമർശിക്കാതെ സന്ദീപ് വാര്യർ പറഞ്ഞു. . ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി പ്രചാരണത്തിനില്ല. നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമായിരുന്നു, സി.പി.എമ്മിലേക്ക് പോകുമോ എന്ന ചോദ്യത്തിന് സന്ദീപ് വാര്യരുടെ പ്രതികരണം.

എൻ.ഡി.എ കൺവെഷനിൽ സി.കൃഷ്ണകുമാറിന്റെ ഭാര്യ ഉൾപ്പെടെയുള്ളവർ വേദിയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ തനിക്ക് അവിടെ സീറ്റുണ്ടായിരുന്നില്ല. കൺവെൻഷൻ വേദിയിൽ ഇരിപ്പിടമില്ലെന്ന് പാലക്കാട് നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറി മുഖത്ത് നോക്കി പറഞ്ഞു. പാലക്കാട് കെ സുരേന്ദ്രൻ മത്സരിക്കണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. എങ്കിൽ പ്രാദേശികമായ എതിർപ്പുകൾ ഒഴിവാക്കാമായിരുന്നു. . നേതൃത്വം ഇടപെട്ടിരുന്നെങ്കിൽ ഒരു ഫോൺ വിളിയിൽ പരിഹരിക്കാവുന്ന വിഷയമാണ് ഇത്രയും വഷളാക്കിയതെന്നും സന്ദീപ് വാര്യർ പറഞ്ഞു.