s

പാലക്കാട്: ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞ് പരസ്യ നിലപാടെടുത്ത സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് ഇടപെടൽ. ആർ.എസ്.എസ് വിശേഷ് സമ്പർക് പ്രമുഖ് എ.ജയകുമാർ, ബി.ജെ.പി നേതാവ് പി.ആർ.ശിവശങ്കർ തുടങ്ങിയ നേതാക്കൾ ഇന്നലെ രാത്രി വൈകി സന്ദീപിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. പാർട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയത്.

അതേസമയം, കൂടിക്കാഴ്ച പാർട്ടിപരമല്ലെന്നും വ്യക്തിപരമാണെന്നും സന്ദീപിന്റെ വീട്ടിലെത്തിയ ശിവശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായാണ് സന്ദീപ് വാര്യരുടെ വീട്ടിലെത്തിയത്. അദ്ദേഹത്തിനുണ്ടായ വിഷമം പങ്കുവക്കാൻ ഒരു സുഹൃത്തെന്ന നിലയിലാണ് വന്നത്. സന്ദീപിനുണ്ടായ വിഷമം പാർട്ടിക്കുള്ളിൽ പറഞ്ഞു തീർക്കും. ഈ പാർട്ടിയിൽ നിന്ന് ആരെങ്കിലും പുറത്തപോകുമെന്നും മറ്റൊരു പാർട്ടിയിൽ ചേരുമെന്നും ആരും പ്രതീക്ഷിക്കണ്ടെന്നും ശിവശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു.