സംസ്ഥാന സ്‌കൂൾ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ നാലു സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും
ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി രണ്ട് പേർ
കൊല്ലങ്കോട്: സംസ്ഥാന സ്‌കൂൾ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി നാടിന് അഭിമാനമായി കാരപ്പറമ്പ് തൈക്കോണ്ടോ ക്ലബ്. കണ്ണൂരിൽ നടന്ന 66-ാമത് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണം നേടി യു.പി.യുപിൻ കൃഷ്ണയും അഭിനവ് സന്തോഷ് കുമാറുമാണ് ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. കാഞ്ഞങ്ങാട് നടന്ന 26-ാമത് സംസ്ഥാന സബ്ജൂനിയർ കിഡ്ഡീസ് തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ബി.ഇഷിതയും ആർ.തേജസ്സും സ്വർണവും സാക്ഷ സുജീന്ദ്രനും വെള്ളിയും കെ.അമൽ, സായിനാദ് എസ്.പണിക്കർ, ബി.അസ്വിക എന്നിവർ വെങ്കലവും സ്വന്തമാക്കി. 24 വർഷത്തിലധികമായി തൈക്കോണ്ടോ പരിശീലിപ്പിക്കുന്ന കാരപ്പറമ്പ് തൈക്കോണ്ടോ ക്ലബ്ബിലെ പരിശീലകൻ കൊല്ലങ്കോട് സ്വദേശി കൃഷ്ണൻകുട്ടിക്ക് ഇത് അഭിമാന മുഹൂർത്തമായി.
കൃഷ്ണൻകുട്ടിയുടെ കീഴിൽ 150ലധികം വിദ്യാർത്ഥികളാണ് തൈക്കോണ്ടോ പരിശീലിക്കുന്നത്. വിദ്യാർത്ഥികളെ കൂടാതെ മുതിർന്നവരും കൃഷ്ണൻകുട്ടിയുടെ കീഴിൽ തൈക്കോണ്ടോ പരിശീലിക്കുന്നുണ്ട്. വിവിധ സ്‌കൂളുകളിലും കോളേജുകളിലും കൃഷ്ണൻകുട്ടി മാസ്റ്റർ തൈക്കോണ്ടോ പരിശീലനം നൽകുന്നുണ്ട്. മുൻ വർഷങ്ങളിലും ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾ തൈക്കോണ്ടോയിൽ മെഡലുകൾ നേടിയിരുന്നു. നവംബർ 8 9 തീയതികളിൽ മധ്യപ്രദേശിൽ നടക്കുന്ന ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ യുപിൻകൃഷ്ണയും അഭിനവന്തോഷ് കുമാറും മെഡൽ നേട്ടം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കാരപ്പറമ്പുകാർ.
തൈക്കോണ്ടോ പരിശീലനത്തിന് പ്രായം തടസമല്ല. മികച്ച വിദ്യാഭ്യാസം നേടുന്നതിനോടൊപ്പം വിദ്യാർത്ഥികളെ ആയോധനകലകളിലും പ്രപ്തരാക്കുകയാണ് ചെയ്യുന്നത്.
കൃഷ്ണൻകുട്ടി, പരിശീലകൻ, കാരപ്പറമ്പ് തൈക്കോണ്ടോ ക്ലബ്