
പാലക്കാട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തീയതി നീട്ടിയതോടെ പ്രചാരണതന്ത്രങ്ങൾ ഉടച്ചുവാർക്കുകയാണ് മുന്നണികൾ. പരമാവധി വോട്ടർമാരെക്കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് സ്ഥാനാർത്ഥികൾ. ഇതിനിടെ സരിന് കൈകൊടുക്കൽ കാമ്പെയിനുമായി ഇടതുമുന്നണി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊതു സമ്മേളന തീയതികളും മാറ്റി.
ഡോ. ശശി തരൂർ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ റോഡ് ഷോകളിലൂടെയാണ് യു.ഡി.എഫ് കരുത്തുകാട്ടുന്നത്. പ്രകാശ് ജാവദേക്കർ, പി.ടി. ഉഷ, പത്മജ വേണുഗോപാൽ എന്നിവർക്ക് പിന്നാലെ കൂടുതൽ സംസ്ഥാന-ദേശീയ നേതാക്കളെ എത്തിക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ. ദിവസവും ത്രില്ലർ സിനികളെ അനുസ്മരിപ്പിക്കും വിധമാണ് പാലക്കാട്ടത്തെ നിലവിലെ രാഷ്ട്രീയം. ഇത് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്.
പാർട്ടികളിലെ അതൃപ്തരുടെ ആരോപണങ്ങളാണ് പ്രശ്നമാകുന്നത്. അസംതൃപ്തരുടെ നീക്കം ആർക്ക് ഗുണമാകുമെന്നറിയാൻ 23 വരെ കാത്തിരിക്കണം.
യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഡീൽ വിവാദവുമായെത്തിയ ഡോ. പി. സരിൻ, മറുകണ്ടം ചാടി ഇടതു സ്വന്ത്രനായതായിരുന്നു ആദ്യ ട്വിസ്റ്റ്. സ്വതന്ത്രന് സീറ്റ് കൊടുത്തതിന്റെ പിരിമുറുക്കം ഇടത് മുന്നണിയിലുണ്ടെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എ.കെ. ഷാനിബ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിൻമാറി.
സാമൂഹമാദ്ധ്യമത്തിൽ കുറിപ്പിട്ട് സി.പി.എം പാലക്കാട് ഏരിയാകമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ അബ്ദുൾ ഷുക്കൂറും വിവാദത്തിന്റെ ഭാഗമായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസിന്റെ ഇടപെടലോടെ ഷുക്കൂർ തിരിച്ച് പാർട്ടിയിലെത്തി. എന്നാൽ സി.പി.എമ്മിന്റെ അടിത്തട്ടിൽ അതൃപ്തി പുകയുന്നുണ്ടെന്നാണ് സൂചന.
കെട്ടടങ്ങിയ കത്ത് വിവാദം
കെ. മുരളീധരനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച് പാലക്കാട് ഡി.സി.സി ദേശീയനേതൃത്വത്തിന് നൽകിയ കത്തായിരുന്നു മറ്റൊരു വിവാദം. കെ. മുരളീധരൻ പ്രചാരണത്തിനെത്തുമെന്ന് അറിയിച്ചതോടെ അതും കെട്ടടങ്ങി. ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം ശോഭാസുരേന്ദ്രൻ ഇടഞ്ഞുനിൽക്കുന്നെന്നതാണ് എൻ.ഡി.എയെ വെട്ടിലാക്കിയത്. പിന്നാലെ ഫ്ലക്സ് വിവാദവുമുണ്ടായി. ശോഭയെ കൺവെൻഷനിലേക്കെത്തിച്ച് എൻ.ഡി.എ ഇതിന് മറുപടി നൽകി. പാർട്ടി തന്നെ അപമാനിച്ചെന്ന ബി.ജെ.പിയുടെ യുവനേതാവ് സന്ദീപ് വാര്യരുടെ തുറന്ന് പറച്ചിലും എൻ.ഡി.എയെ പ്രതിരോധത്തിലാക്കി. ആർ.എസ്.എസ് നേതൃത്വം ഇടപെടുന്നുണ്ടെങ്കിലും സന്ദീപും പി. സരിന്റെ വഴി സ്വീകരിക്കുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്.