
പാലക്കാട്: മുനമ്പത്ത് സർക്കാർ- ബി.ജെ.പി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂരം കലക്കി തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്നത്തിലൂടെ പാലക്കാട് ബി.ജെ.പിക്ക് ഒരു സ്പെയ്സ് ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമം. പ്രകാശ് ജാവദേക്കർ പറയുന്നതിനെ വഖഫ് ബോർഡ് ന്യായികരിക്കുകയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫറോഖ് കോളജ് മാനേജ്മെന്റ് പണം വാങ്ങി നൽകിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നത്. പ്രശ്നം കോടതിയിൽ പരിഹരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ പഞ്ഞതിലൂടെ കള്ളക്കളി പുറത്തു വന്നിരിക്കുകയാണ്. ഇവിടെയാണ് ജാവദേക്കർ പറഞ്ഞതും സർക്കാരിന്റെ നിലപാടും ഒന്നാകുന്നത്.
കേരളത്തിലെ വഖഫ് ഭൂമി കണക്ക് പ്രസിദ്ധീകരിക്കണം: ജാവദേക്കർ
കേരളത്തിൽ എത്ര വഖഫ് ഭൂമിയുണ്ട് എന്നതിന്റെ വിവരങ്ങൾ കേരള സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. എത്ര സർക്കാർ ഭൂമിയും എത്ര സ്വകാര്യ ഭൂമികളും എത്ര കർഷകരുടെ ഭൂമിയും വഖഫ് ബോർഡ് അവകാശപ്പെടുന്നു എന്നതിന്റെ വിശദാംശങ്ങളും നൽകണം. ഇതിന്റെയെല്ലാം റെക്കാഡ് സർക്കാരിന്റെ പക്കലുണ്ട്. അത് ഏകീകരിച്ച് പ്രഖ്യാപിക്കണം. വഖഫിനെക്കുറിച്ചുള്ള നിസാർ കമ്മിറ്റി റിപ്പോർട്ട് 15 വർഷം പഴക്കമുള്ളതാണ്.
വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ ചർച്ച ചെയ്യുകയോ വോട്ടുചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലും യു.ഡി.എഫും എൽ.ഡി.എഫും ഏകകണ്ഠമായി നിയമസഭയിൽ പ്രമേയം പാസാക്കി. എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ ഭേദഗതികളെ എതിർക്കുകയും വഖഫിന്റെ പക്ഷം പിടിക്കുകയും ചെയ്യുന്നു. ഒരു രാജ്യത്ത് എങ്ങനെയാണ് രണ്ടുനിയമങ്ങൾ ഉണ്ടാകുന്നത്. നിങ്ങൾക്ക് ഒരു ക്ഷേത്രത്തെക്കുറിച്ചോ പള്ളിയെക്കുറിച്ചോ സ്വത്ത് തർക്കമുണ്ടെങ്കിൽ, കോടതികളെ സമീപിക്കാം. എന്നാൽ, വഖഫ് ഭൂമിയെക്കുറിച്ച് തർക്കമുണ്ടെങ്കിൽ കോടതികളെ സമീപിക്കാൻ കഴിയില്ല. അതാണ് പ്രശ്നം. ഇത് ഹിന്ദു മുസ്ലിം പ്രശ്നമല്ല എന്നതാണ് ബി.ജെ.പിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം ഭൂമി: സർക്കാർ തീരുമാനം പാലിക്കുമെന്ന് വഖഫ് ചെയർമാൻ
മുനമ്പം ഭൂമിപ്രശ്നം വഖഫ് നിയമം അനുശാസിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും സർക്കാർ തീരുമാനം അംഗീകരിക്കുമെന്നും വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ. സക്കീർ പറഞ്ഞു. മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. മുനമ്പത്തെ 12 പേർക്ക് നോട്ടീസ് നൽകിയത് അവരുടെ വിശദാംശങ്ങൾ ലഭിച്ചതിനാലാണ്. അവരുടെ വാദങ്ങൾ ബോർഡിന് മുന്നിൽ അവതരിപ്പിക്കാം. മറ്റുള്ളവർക്കും ബോർഡിനെ സമീപിക്കാം.
വഖഫ് സ്വത്തുക്കൾ സംബന്ധിച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും കേസുകൾ നടക്കുന്നുണ്ട്. അന്തിമ വിധിക്കനുസരിച്ചാകും ബോർഡിന്റെ നടപടി.
കോഴിക്കോട് ഫാറൂഖ് കോളേജിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മതം അനുവദിക്കുന്ന മറ്റു പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ഭൂമി വഖഫ് ചെയ്തിട്ടുള്ളത്. നിലവിലെ ചർച്ചകളുടെ സമ്മർദ്ദഫലമായി തീരുമാനമെടുക്കാൻ കഴിയില്ല. വഖഫ് സ്വത്താണെങ്കിൽ ഉള്ള അവകാശം നോട്ടു ചെയ്യും, ഇല്ലാത്തതെങ്കിൽ അത് അവകാശപ്പെട്ടവർക്ക് കൊടുക്കും. സാമുദായിക സംഘർഷമുണ്ടാക്കാനല്ല വഖഫ് ബോർഡ് നിലപാട് എടുത്തതെന്നും എം.കെ.സക്കീർ പറഞ്ഞു.
കേരളത്തിൽ പലയിടത്തുമുള്ള വഖഫ് സ്വത്തുക്കൾ പലരും കൈയ്യേറിയിട്ടുണ്ടാകാം. ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ടാകാം. വഖഫ് സ്വത്തുക്കളെ സംബന്ധിച്ചിടത്തോളം ഒരു തുടക്കമാണിത്. ഇവയുടെ സംരക്ഷണം ബോർഡിന്റെ നിയമപരമായ ബാദ്ധ്യതയാണെന്നും സക്കീർ പറഞ്ഞു.
ഒരുമിനിറ്റ് ഒപ്പമിരുന്നാൽ പ്രശ്നം തീരും: സി. കൃഷ്ണകുമാർ
ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് തങ്ങൾ ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാൽ പരിഹരിക്കാനാവുമെന്ന് പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. സന്ദീപിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളെല്ലാം പരിഹരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ സന്ദീപുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇന്നലെയാണ് ബന്ധപ്പെടാൻ സാധിക്കാതിരുന്നത്.
വിവാദങ്ങളിൽ നിന്ന് എപ്പോഴും മാറിനിൽക്കുന്ന ആളാണ് താൻ. എപ്പോഴും ചർച്ച ചെയ്യുന്നത് ജനങ്ങളുടെ വിഷയങ്ങളാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടാണ് തന്റെ പൊതുപ്രവർത്തനമെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഷാഫി ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്തു: പത്മജ
ഷാഫി പറമ്പിൽ ഒരേസമയം ഉമ്മൻചാണ്ടിയുടെയും എതിർപക്ഷത്തിന്റെയും ആളായിരുന്നെന്ന് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ ആരോപിച്ചു. ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുകയും വർഗീയത കളിക്കുകയും ചെയ്ത ആളാണ് ഷാഫി. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാകാമെന്നു കരുതിയിരിക്കുന്ന ആളാണ് ഷാഫി. ഇപ്പോൾ തനിക്ക് മനഃസമാധാനമുണ്ട്. ചിരിച്ച മനസോടെയാണ് കോൺഗ്രസിലെ അടി കാണുന്നത്. കെ. മുരളീധരൻ പാലക്കാട് നിന്ന് മത്സരിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. അതുണ്ടാവാതിരിക്കാനാണ് അദ്ദേഹത്തെ വെട്ടിയത്. വടകരയിൽ കെ. മുരളീധരൻ ജയിക്കുമായിരുന്നു. തന്നെ ഒതുക്കാൻ ബി.ജെ.പിയിൽ ആരും ശ്രമിക്കുന്നില്ലെന്നും അവർ പറഞ്ഞു.
സന്ദീപിനെ സ്വീകരിക്കാൻ മടിയില്ല: എം.വി. ഗോവിന്ദൻ
സന്ദീപ് വാര്യർ ഇടത് മൂല്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായാൽ പാർട്ടിയിൽ സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഇപ്പോഴും ബി.ജെ.പി നേതാക്കളുമായി സന്ദീപ് ചർച്ചചെയ്യുന്നുണ്ട്. നയം വ്യക്തമാക്കി പുറത്തുവരാൻ തയ്യാറായാൽ സ്വീകരിക്കുന്നതിന് ഒരു കുഴപ്പവുമില്ല. മുനമ്പം സംഭവത്തിൽ കാസ, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകൾ വർഗീയചേരിതിരിവിനാണ് ശ്രമിക്കുന്നത്. മുനമ്പത്ത് ഒരാളെയും കുടിയിറക്കില്ല.