nhai
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ നിർമ്മാണം പാതിവഴിയിൽ നിലച്ച ചുവട്ടുപാടത്തെ സർവീസ് റോഡ്.

വടക്കഞ്ചേരി: അപകടങ്ങളും മരണങ്ങളും പെരുകുമ്പോഴും ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള സർവീസ് റോഡ് പൂർത്തിയാക്കാൻ തയാറാകാതെ ദേശീയപാത അതോറിറ്റി. പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കിയിട്ടും നിർമ്മാണ കമ്പനിയും ദേശീയപാത അതോറിറ്റിയും അനങ്ങുന്നില്ലെന്നാണ് പരാതി. കെ.രാധാകൃഷ്ണൻ എം.പിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ ചേർന്ന യോഗത്തിൽ പി.പി.സുമോദ് എം.എൽ.എ, ജില്ലാ കളക്ടർ എസ്.ചിത്ര, ഡെപ്യൂട്ടി കളക്ടർ കെ.എ.റോബിൻ, ദേശീയപാത പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസൻ, ആലത്തൂർ തഹസിൽദാർ കെ.ശരവണൻ, ഭൂരേഖാ തഹസിൽദാർ ആർ.മുരളി മോഹൻ, വടക്കഞ്ചേരി സി.ഐ കെ.പി.ബെന്നി, പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത് സർവീസ് റോഡ് നിർമാണം പൂർത്തിയാക്കണമെന്നും നിർമ്മാണ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ടതാണ്. എന്നാൽ ഇതുവരെ തുടർനടപടി ഒന്നുമുണ്ടായില്ല. വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുന്ന ദേശീയപാത അതോറിറ്റി റോഡിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

 10 വ‌ർഷം,​ 26 മരണം

വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ സർവീസ് റോഡ് വേണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി. 2009 ൽ റോഡിന്റെ നിർമ്മാണം തുടങ്ങിയപ്പോൾ മുതൽ സർവീസ് റോഡില്ലാത്തതിനാൽ അപകടങ്ങൾ നിത്യസംഭവമായി. സർവീസ് റോഡ് നിർമ്മാണം പൂർത്തിയാകാത്ത ദേശീയപാതയുടെ ഈ ഭാഗത്ത് 10 വർഷത്തിനിടെ 26 പേരാണ് ഇവിടെ അപകടങ്ങളിൽ മരിച്ചത്. ഇതിൽ കാൽനടയാത്രക്കാരും ഉൾപ്പെടുന്നു. കഴിഞ്ഞമാസം ഇവിടെ നടന്നു പോവുകയായിരുന്ന രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ കാറിടിച്ച് മരിച്ചപ്പോൾ സർവീസ് റോഡെന്ന ആവശ്യം വീണ്ടും ഉയർന്നെങ്കിലും സർവേ പോലും നടത്തിയിട്ടില്ല. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കിയിട്ടും വടക്കഞ്ചേരിയിൽ നിന്നാരംഭിക്കുന്ന സർവീസ് റോഡ് തേനിടുക്കിൽ അവസാനിക്കുന്നു. പിന്നീട് പന്നിയങ്കരയിൽ നിന്ന് ചുവട്ടുപാടം വരെ സർവീസ് റോഡ് ഉണ്ട്. എന്നാൽ ശങ്കരംകണ്ണൻതോട്ടിലും മേരിഗിരിയിലും റോഡില്ല. പന്തലാംപാടത്ത് നിന്ന് പള്ളിപ്പടി വരെ ഒരു ഭാഗത്ത് മാത്രമാണ് സർവീസ് റോഡുള്ളത്. തുടർന്ന് വാണിയമ്പാറ വരെ ഇരുഭാഗത്തും സർവീസ് റോഡില്ല.