പാലക്കാട്: തിരഞ്ഞെടുപ്പിനായി ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് വനിതാനേതാക്കൾ താമസിച്ചിരുന്ന മുറിയിൽ അർദ്ധരാത്രി പൊലീസ് പരിശോധന നടത്തിയതിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ്.

പാലക്കാട് നഗരത്തിലെ കെ.പി.എം റീജൻസി ഹോട്ടലിൽ ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും തങ്ങിയ മുറിയിലായിരുന്നു റെയ്ഡ്. എന്നാൽ, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിതരണം ചെയ്യാൻ നീല ട്രോളി ബാഗിൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ പണം എത്തിച്ചുവെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്സി.പി.എമ്മും ബി.ജെ.പിയും.

തോൽവി ഉറപ്പായപ്പോൾ സി.പി.എമ്മും ബി.ജെ.പിയും ഒത്തുചേർന്ന് ആരോപണം ഉന്നയിക്കുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിടാനും വെല്ലുവിളിച്ചു. ഇന്നലെ വൈകിട്ട് സി.പി.എം ദൃശ്യങ്ങൾ പുറത്തുവിട്ടു. നീല ട്രോളി ബാഗുമായി കെ.എസ്.യു നേതാവ് ഫെനി നൈനാനും സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ബാഗിൽ വസ്ത്രങ്ങളായിരുന്നുവെന്നും അതുമായി ഹോട്ടലിൽ എത്തുന്നതിൽ എന്താണ് തെറ്റെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. വിവാദ ട്രോളി ബാഗ് മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. സി.പി.എം പരാതിയിൽ ഹോട്ടലിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു.