വടക്കഞ്ചേരി: വാളയാർ-മണ്ണുത്തി ദേശീയപാതയിൽ നീലിപ്പാറയിലുള്ള യൂ ടേണിൽ വേണ്ടത്ര സൂചന സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ വാഹനങ്ങൾ പിന്നിലിടിക്കുന്നത് പതിവായി. കഴിഞ്ഞ ഒരു മാസത്തിനിടെ നീലിപ്പാറയിൽ യു ടേൺ എടുക്കുന്നതിനായി വാഹനങ്ങൾ വേഗം കുറയ്ക്കുമ്പോൾ പിന്നിൽ മറ്റ് വാഹനമിടിച്ചുള്ള നിരവധി അപകടങ്ങളുണ്ടായി. ഒരുമാസം മുമ്പ് ലോറി യു ടേൺ തിരിയുന്നതിനിടെ കാർ ലോറിയുടെ ഡീസൽ ടാങ്കിലിടിച്ച് ലോറിക്ക് തീപിടിച്ച സംഭവവും ഉണ്ടായി. നീലിപ്പാറയിൽ റോഡരികിലൂടെ നടന്നുപോയ രണ്ട് വിദ്യാർത്ഥികൾ കാറിടിച്ച് മരിച്ചിരുന്നു. ഈ ഭാഗത്ത് നടന്നുപോകാൻ സുരക്ഷിതമായ സംവിധാനം ഒരുക്കണമെന്ന് പൊലീസ് ദേശീയപാതാ കരാർ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും തുടർ നടപടി ഒന്നുമുണ്ടായില്ല.
യൂ ടേണിന് പ്രത്യേക ട്രാക്ക് വേണം
കല്ലിങ്കൽപ്പാടം റോഡിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്ക്
പോകുന്നതിനായി ദേശീയപാതയിൽ പ്രവേശിക്കുന്ന വാഹനങ്ങൾ നീലിപ്പാറയിലെത്തിയാണ് തിരിയുന്നത്. മുൻപ് വാണിയമ്പാറയിലുള്ള യു ടേൺ വഴിയാണ് വാഹനങ്ങൾ തിരിഞ്ഞിരുന്നത്. ഇവിടെ മേൽപ്പാലം പണി നടക്കുന്നതിനാലാണ് നീലിപ്പാറയിൽ യു ടേൺ സൗകര്യം ഒരുക്കിയത്. എന്നാൽ ഇവിടെ പ്രത്യേക ട്രാക്ക് തിരിച്ചുനൽകിയിട്ടില്ല. യൂ ടേൺ ഉണ്ടെന്ന് അടുത്തെത്തുമ്പോഴേ മനസ്സിലാകൂ. റോഡിനു നടുവിലെ ഡിവൈഡറിൽ സൂചനാ ബോർഡ് സ്ഥാ പിച്ചിട്ടുണ്ടെങ്കിലും ചെറുതായതിനാൽ ദൂരെനിന്ന് കാണുകയുമില്ല. യൂ ടേണിലൂടെ കടക്കുന്ന വാഹനങ്ങൾ സുരക്ഷിതമായി പോകുന്നതിനായി ഒരു ട്രാക്ക്, ബാരിക്കേഡുകൾ വെച്ച് തിരിക്കണമെന്നാണ് ആവശ്യം.