block
പാലക്കാട്-പൊള്ളാച്ചി റെയിൽപാതയിൽ കൊല്ലങ്കോട്-ഊട്ടറ റെയിൽവേ ക്രോസിലെ ഗതാഗതക്കുരുക്ക്.

കൊല്ലങ്കോട്: സാങ്കേതിക തടസങ്ങൾ നീങ്ങാത്തതിനാൽ പാലക്കാട്-കൊല്ലങ്കോട് റെയിൽപാതയിലെ ഊട്ടറ ലെവൽ ക്രോസിംഗിൽ മേൽപ്പാലം യാഥാർത്ഥ്യമാകാൻ കാത്തിരിപ്പ് ഇനിയും നീളും. ഊട്ടറ ക്രോസിംഗിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കെ, മേൽപ്പാലം നിർമ്മാണം വൈകുന്നതിൽ റെയിൽവേയും പൊതുമരാമത്ത് വകുപ്പും പരസ്പരം പരിചാരുകയാണ്. 20 കോടി രൂപയാണ് ഊട്ടറ പുഴ പാലത്തിനും റെയിൽവേ മേൽപ്പാലത്തിനും കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയത്. ഇതിൽ 13 കോടിയോളം രൂപ ഊട്ടറ ഗായത്രിപുഴ പാലത്തിനായി നീക്കിയിരുന്നു. 24 കോടിയോളം രൂപയാണ് ഊട്ടറ റെയിൽവേ മേൽപ്പാലത്തിന്റെ എസ്റ്റിമേറ്റ് തുക. ഇതിൽ പകുതിയോളം തുക റെയിൽവേ നൽകണം. പാലത്തിന്റെ സ്ഥലം ഏറ്റെടുക്കലിന്റെ പ്രവർത്തനങ്ങളും 90 ശതമാനം പൂർത്തീകരിച്ചു.

 പരസ്പരം പഴിചാരി റെയിൽവേയും പി.ഡബ്ല്യു.ഡിയും

ഊട്ടറ ലെവൽ ക്രോസിൽ മേൽപ്പാലം നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിന് 15.95 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പറയുന്നു. 2023 ജനുവരി 11ന് തുടർ പ്രോസസിംഗിനായി 8.82 ലക്ഷം രൂപ സെന്റേജ് ചാർജ് ഇനത്തിൽ അടയ്ക്കാനും റെയിൽവെ നിർദേശം അയച്ചിരുന്നു. നാളിതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ അധികൃതർ പറയുന്നു. എന്നാൽ തുക അനുവദിക്കുന്നത് കിഫ്ബി ആണെന്നും മേൽപാലത്തിന്റെ നിർമാണ ഡ്രാഫ്റ്റ് റെയിൽവേക്ക് നൽകി മാസങ്ങളായിട്ടും റെയിൽവേ അനുമതി ലഭിച്ചിട്ടില്ലെന്നും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ അധികൃതർ പറയുന്നു. കൂടാതെ മേൽപ്പാലം നിർമ്മിക്കാൻ ലെവൽ ക്രോസിലൂടെ കടക്കുന്ന വാഹനങ്ങളുടെ കണക്ക് സൂചിപ്പിക്കുന്ന ട്രെയിൻ വെഹിക്കിൾ യൂണിറ്റ്(ടി.വി.യു) ഒരു ലക്ഷം ആകണം. 2022ലെ കണക്കെടുപ്പിൽ ടി.വി.യു 96000 ആയിരുന്നു. അടുത്ത കണക്കെടുപ്പ് 2025ൽ ആണ് നടക്കുക. അപ്പോഴേക്കും ടി.വി.യു ഒരു ലക്ഷം കടക്കേണ്ടതുണ്ട്. വെഹിക്കിൾ യൂണിറ്റ് നിബന്ധന റെയിൽവേയുടെതാണ്. കണക്കെടുപ്പും റെയിൽവേ ആണ് നടത്തേണ്ടത്. അതിനാൽ റെയിൽവേ മേൽപ്പാലത്തിന്റെ സാങ്കേതിക തടസങ്ങൾ നീക്കേണ്ടത് റെയിൽവേയാണെന്നും പി.ഡബ്ല്യു.ഡി അധികൃതർ പറയുന്നു.