
മരണത്തെ മുഖാമുഖം കണ്ടാണ് റെയിൽവേ ട്രാക്കുകളിൽ ജോലിയെടുക്കുന്നവർ ഓരോ ദിവസും ജോലിക്കിറങ്ങുന്നത്. നവംബർ രണ്ടിന് ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണതൊഴിലാളികൾ മരിച്ച സാഹചര്യത്തിൽ റെയിൽവേ ട്രാക്കുകളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയും ചർച്ചാവിഷയമാകുകയാണ്. റെയിൽവേ ട്രാക്‌മെൻ / വുമെൻ എടുക്കുന്ന ജോലി അങ്ങേയറ്റം അപകട സാദ്ധ്യതയുള്ളതാണ്. 2023ൽ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2019 - 2020 നവംബർ വരെയുള്ള കാലത്ത് ട്രാക്‌മെൻ / വുമെൻ, കീമെൻ / വുമെൻ എന്നിവരുൾപ്പെടുന്ന ഇന്ത്യൻ റെയിൽവേ ജീവനക്കാരിൽ 361 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. സെൻട്രൽ റെയിൽവേയിൽ 44 മരണങ്ങൾ, നോർത്ത് റെയിൽവേയിൽ 40, നോർത്ത് സെൻട്രൽ റെയിൽവേയിൽ 31, ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 30, മറ്റ് സോണുകളിലായി 24 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകൾ.
നവംബർ രണ്ടിനാണ് ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം നാല് ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദർശനത്തിനു മുന്നോടിയായി റെയിൽവേയിൽ മാലിന്യം നീക്കുന്ന ജോലിയുണ്ടെന്ന് പരിചയക്കാരൻ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സേലം സ്വദേശികൾ ഷൊർണൂരിലേക്ക് തിരിച്ചത്. ട്രാക്ക് ശുചീകരിക്കാൻ കരാറെടുത്തയാൾ ഒരു ദിവസത്തേക്കായി എത്തിച്ച കരാർ തൊഴിലാളികളായിരുന്നു ഇവർ. ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ ജീവൻപണയംവെച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെ മരണം തുടർക്കഥയായിട്ട് വർഷങ്ങളായെങ്കിലും നാളിതുവരെയായി അത് പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ഒറ്റപ്പാലത്തു വാടകയ്ക്കു താമസിക്കുന്ന സേലം അയോദ്ധ്യാപട്ടണം അടിമലൈപുത്തൂർ സ്വദേശികളായ ലക്ഷ്മണൻ (60), പങ്കാളി വള്ളി (55), വള്ളിയുടെ ബന്ധു റാണി (45) എന്നിവരാണു മരിച്ചത്. റാണിയുടെ പങ്കാളി ലക്ഷ്മണനാണ് (48) പുഴയിലേക്കു വീണത്. പിറ്റേദിവസം വൈകിട്ടോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്കു 3.05നു പാലക്കാട് – തൃശൂർ ലൈനിലെ ഷൊർണൂർ പാലത്തിൽ തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് തട്ടിയാണു ദുരന്തമുണ്ടായത്. അപകടത്തെ മുഖാമുഖം കണ്ടപ്പോഴും രക്ഷപെടാൻ തൊഴിലാളികൾക്ക് മുന്നിൽ സാദ്ധ്യതകളൊന്നും തന്നെയുണ്ടായിരുന്നില്ല. പാലത്തിൽ നിന്നും ഓടി കരഭാഗത്തെ ട്രാക്കിലേക്കോ ക്യാബിനിലേക്കോ കയറാൻ സമയം ലഭിക്കാതിരുന്ന തൊഴിലാളികളാണ് അതിദാരുണമായി മരണപ്പെട്ടത്. തൃശൂർ റെയിൽപാതയിലെ പാലത്തിൽ പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്ററാണ്. അപകടം നടക്കുമ്പോൾ കേരളാ എക്സ്പ്രസ് ട്രെയിൻ ഇതേ വേഗത്തിലായിരുന്നുവെന്നാണ് വിവരം. റെയിൽവേ പാലത്തിന് മുമ്പ് മന്നനൂർ സ്റ്റേഷൻ പിന്നിട്ടാൽ 90 ആണ് ഡൗൺ ലൈനിലെ പരമാവധി വേഗം. പാലത്തോടടുക്കുമ്പോൾ അനുവദനീയമായ 70 കിലോമീറ്റർ വേഗം വള്ളത്തോൾ നഗർ വരെ തുടരുന്നതാണ് നിലവിലെ സംവിധാനം.
ജീവനക്കാരുടെ സുരക്ഷക്കുവേണ്ടി റെയിൽവേ ശരിക്കും ഒന്നും ചെയ്യുന്നില്ലെന്നും ആവശ്യമായ യാതൊരു സുരക്ഷാ സൗകര്യവും റെയിൽവേ നടപ്പിലാക്കുന്നില്ലെന്നും ദക്ഷിണ റെയിൽവെ എംപ്ലോയേഴ്സ് യൂണിയൻ കുറ്റപ്പെടുത്തുന്നു.
കവച് നടപ്പായില്ല,
സുരക്ഷ കടലാസിൽ മാത്രം
ജീവനക്കാരെ വെട്ടിക്കുറച്ച് നിലവിൽ എല്ലാ മേഖലയിലും കരാർ ജീവനക്കാരെയാണ് റെയിൽവേ നിയമിക്കുന്നത്. റെയിൽവേയുടെ കൂടുതൽ ഭാഗങ്ങൾ വൃത്തിയാക്കേണ്ടി വരുമ്പോൾ സ്വാഭാവികമായി തൊഴിലാളികളുടെ എണ്ണം കൂട്ടുകയാണ് വേണ്ടത്. എന്നാൽ, ഇവിടെ അങ്ങനെയല്ല നടക്കുന്നത്. പാലക്കാട്, കോഴിക്കോട്, ഷൊർണൂർ മംഗലാപുരം ഇതൊക്കെയാണ് നമ്മുടെ ഡിവിഷനിലെ പ്രധാന സ്റ്റേഷനുകൾ. ഇവിടങ്ങളിലെല്ലാം ജീവനക്കാരുടെ എണ്ണം കുറക്കുകയാണ് ചെയ്തത്. സ്ഥിരം തൊഴിലാളികളാണെങ്കിൽ റെയിൽവേ പാതയുടെ ഭൂമിശാസ്ത്രമൊക്കെ ഇവർക്ക് അറിയാൻ കഴിയും. എന്നാൽ പുറത്തു നിന്നെത്തുന്ന തൊഴിലാളിക്ക് ട്രെയിൻ എപ്പോൾ വരും, എങ്ങോട്ട് കയറി നിൽക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും കൃത്യമായ ധാരണയുണ്ടാകില്ല. അപകടം നടന്ന പാലത്തിലാണെങ്കിൽ അതിനുള്ള സംവിധാനവുമില്ല. ജീവനക്കാരുടെ സുരക്ഷയ്ക്കായി റെയിൽവേയുടെ ഭാഗത്തു നിന്ന് നടപടികളെന്നുമില്ല. സെമിനാറുകൾ നടത്തുന്നു എന്നല്ലാതെ പ്രാഥമികമായ ഉത്തരവാദിത്തങ്ങളൊന്നും നിറവേറ്റുന്നില്ല. രക്ഷക്ക് പോലെയുള്ള സംവിധാനങ്ങൾ ഇപ്പോഴും കൊടുത്ത് തുടങ്ങിയിട്ടില്ല. വണ്ടികൾ തമ്മിലുള്ള അപകടങ്ങൾ കുറക്കാൻ കൊണ്ടുവന്ന കവച് എന്ന സംവിധാനവും ഇതുവരെയും നടപ്പിലായിട്ടില്ല. ഇത്തരത്തിൽ പ്രധാനപ്പെട്ട ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാറിന്റെ കൈവശം ഫണ്ടില്ല. കരാർ ജീവനക്കാർക്ക് അപകടങ്ങൾ സംഭവിച്ചാൽ അനുകൂല്യങ്ങളൊന്നും ലഭ്യമാകുന്നുമില്ല. സർക്കാർ എന്തെങ്കിലും ധനസഹായം പ്രഖ്യാപിച്ചാൽ അത് മാത്രമായിരിക്കും ലഭിക്കുക. പാലക്കാട്ടെ അപകടത്തിൽ ഒരുലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ ആശ്രിതർക്ക് ജോലി നൽകുമോ പോലെയുള്ള ചോദ്യങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്.
കരഭാഗത്തെ
വളവ് തിരിച്ചടിയായി
പാലക്കാട് ഭാഗത്തുനിന്ന് വരുന്ന ട്രെയിനുകൾ ഭാരതപ്പുഴയ്ക്ക് കുറുകയുള്ള പാലത്തിലേക്ക് കയറുന്ന കരഭാഗത്തെ വളവും അപകടത്തിന് കാരണമായിട്ടുണ്ടെന്ന ആരോപണവും തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്നുണ്ട്. വള്ളത്തോൾ നഗർ സ്റ്രേഷൻ പരിസരത്ത് നിന്നും മാലിന്യം ശേഖരിച്ച് തൊഴിലാളികൾ വരുന്ന വഴിക്കാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. റെയിൽവേയുടെ ചുവന്ന സിഗ്നൽ പെട്ടെന്ന് പച്ചയായത് ഇതിനിടയിൽ ഇവർ ശ്രദ്ധിച്ചിരുന്നില്ല. അപകടസമയത്ത് ചെറിയതോതിൽ മഴയുമുണ്ടായിരുന്നു. മരണപ്പെട്ടവർ കരാർ ജീവനക്കാരായതുകൊണ്ട് തന്നെ, കരാറുകാരനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത്, കരാർ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ റെയിൽവേ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആർ.പി.എഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ട്രാക്കിൽ നിന്നും മാലിന്യം നീക്കാനുള്ള പരിശീലനമുൾപ്പെടെ കരാർ വ്യവസ്ഥകൾ പ്രകാരമുള്ള സുരക്ഷാക്രമീകരണം കരാറുടമ പാലിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
വള്ളിയും റാണിയും അവരുടെ പങ്കാളി ലക്ഷ്മണനും ഒറ്റപ്പാലത്തിന് സമീപം സ്ഥിരമായി കൂലിപ്പണിക്ക് വരുന്നവരാണ്. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതുകൊണ്ട് റാണി വല്ലപ്പോഴും മാത്രമായിരുന്നു ജോലിക്ക് പോയിരുന്നത്. ശാരീരികമായ പ്രശ്നങ്ങളുള്ളതിനാൽ വള്ളിയുടെ പങ്കാളി ലക്ഷ്മണനും വല്ലപ്പോഴും മാത്രമായിരുന്നു ജോലിക്ക് പോയിരുന്നത്. അദ്ധ്വാനം കുറഞ്ഞ ജോലിയായിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് ദമ്പദിമാർ ഷൊർണൂരിലേക്ക് പോയത്. കഴിഞ്ഞ മൂന്ന് വർഷമായി ഒറ്റപ്പാലത്തെ ഒരു വാടകവീട്ടിലായിരുന്നു റാണിയും ലക്ഷ്മണനും താമസിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് വള്ളിയും ഇവരുടെ പങ്കാളി ലക്ഷ്മണനും അവിടേക്ക് താമസത്തിനായി എത്തുന്നത്. ആ ചെറിയ വീടിന്റെ രണ്ട് ഭാഗങ്ങളിലായാണ് ദമ്പതിമാർ താമസിച്ചിരുന്നത്. ഇനിയൊരു ജീവൻ ട്രാക്കിൽ പൊലിയാതിരിക്കാൻ റെയിൽവേ ജാഗ്രത കാണിക്കണം. ട്രാക്കിൽ ജോലിചെയ്യുന്ന കരാർ ജീവനക്കാർ ഉൾപ്പെടെ എല്ലാവർക്കും ബോധവത്കരണം നൽകണം, അവരുടെ സുരക്ഷയും ഉറപ്പാക്കണം.