
പാലക്കാട്: പാലക്കാട്ടെ ട്രോളി വിഷയത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസിനെ തിരുത്തി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പെട്ടി വിഷയം ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും താൻ പറഞ്ഞതാണ് പാർട്ടി നിലപാടെന്നും വ്യക്തമാക്കി. മറ്റൊരു നിലപാടും പാർട്ടിയുടെ നിലപാടല്ലെന്നും തുറന്നടിച്ചു.
കുഴൽപ്പണം കൊണ്ടുവന്ന വിഷയം ഉപേക്ഷിക്കില്ല. കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്നമാണത്. യു.ഡി.എഫിന് ഇത് തിരിച്ചടിയാകും. എൽ.ഡി.എഫിന് വീഴ്ച സംഭവിച്ചിട്ടില്ല.
കുടുംബയോഗങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും വലിയ രീതിയിൽ പണം ഒഴുക്കുകയാണ്.
പാലക്കാട്ടെ പെട്ടി ചർച്ച നിർത്തണമെന്ന് കഴിഞ്ഞദിവസം കൃഷ്ണദാസ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയവും മനുഷ്യരുടെ ജീവിത പ്രശ്നങ്ങളുമാണ് ചർച്ച ചെയ്യണ്ടേത്. പെട്ടി ചർച്ച എൽ.ഡി.എഫിനെ ദോഷകരമായി ബാധിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു.
പ്രത്യേക എഫ്.ഐ.ആർ
വേണ്ടെന്ന് ജില്ലാ സെക്രട്ടറി
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കള്ളപ്പണം എത്തിച്ചെന്ന സി.പി.എമ്മിന്റെ പരാതിയിൽ കേസെടുത്തില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് വ്യക്തമാക്കി.
സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്.അതിനുശേഷമേ തീരുമാനമെടുക്കൂ. പാലക്കാട് ഹോട്ടൽ കേന്ദ്രീകരിച്ച കള്ളപ്പണ പരിശോധനയും സംഘർഷം സംബന്ധിച്ച് കളക്ടർ കൈമാറിയ പരാതിയും സി.പി.എം ജില്ലാ സെക്രട്ടറി നൽകിയ പരാതിയും ഒരുമിച്ചാണ് പരിശോധിക്കുന്നതെന്നും എസ്.പി പറഞ്ഞു.
താൻ നൽകിയ പരാതിയിൽ പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു നിലപാട് മയപ്പെടുത്തി. പൊലീസ് ചോദിച്ചാൽ മൊഴി നൽകും. പൊലീസിന്റെ പരിശോധനയിൽ അമാന്തം ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.