 
ചെർപ്പുളശേരി: അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് ചെർപ്പുളശേരി ഗവ. ഹൈസ്‌കൂൾ മൈതാനിയിൽ ഇന്ന് തുടക്കം. ഫ്ളഡ് ലൈറ്റ് സ്‌റ്റേഡിയത്തിൽ ചെർപ്പുളശേരി ജനകീയ ഫുട്ബാൾ കമ്മിറ്റിയുടെ സംഘടിപ്പിക്കുന്ന എട്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റോടെയാണ് സെവൻസ് ഫുട്ബാൾ മത്സരത്തിന് ഈ സീസണിൽ ആരവമുയരുന്നത്. രാത്രി 8.30ന് നടക്കുന്ന ആദ്യമത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ കെ.എം.ജി മാവൂരിനെ ഫിറ്റ്‌വെൽ കോഴിക്കോട് നേരിടും. സ്വർണക്കപ്പിനും വെള്ളിക്കപ്പിനും വേണ്ടി ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ സംസ്ഥാനത്തെ 22 പ്രമുഖ ടീമുകൾ കളിക്കളത്തിലിറങ്ങും. ഏഴായിരത്തിലേറെ പേർക്ക് ഒരേസമയം കളി കാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും വയോജനങ്ങൾക്കും കുട്ടികൾക്കും മത്സരം സൗജന്യമായി വീക്ഷിക്കാം. കളികാണാനെത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തും. ടൂർണമെന്റിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനാണ് ഫുട്ബാൾ കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് ഫുട്ബാൾ കമ്മിറ്റി ഭാരവാഹികളായ റഷീദ് പാലസ്, വി.പി.ഷമീജ്, കെ.ബാലകൃഷ്ണൻ, എ.എം.ബഷീർ എന്നിവർ പറഞ്ഞു. ഉദ്ഘാടനത്തിന് അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ലെനിൻ, തൃശൂർ സെക്രട്ടറി അഷറഫ് ബാവ മലപ്പുറം എന്നിവർ പങ്കെടുക്കും.
.