
കാലാവസ്ഥ വ്യതിയാനം തിരിച്ചടിയായി
തൊഴിലുപേഷിക്കാൻ ഒരുങ്ങി തൊഴിലാളികൾ
13 ഷാപ്പുകളിലായി 65 തൊഴിലാളികൾ
110 രൂപയ്ക്ക് വിൽക്കുന്ന കള്ളിന് തൊഴിലാളിക്ക് ലഭിക്കുക 33 രൂപ
മുതലമട: ഗ്രാമപഞ്ചായത്തിലെ പനങ്കള്ള് ചെത്ത് തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് കള്ള് ലഭിക്കാത്തതാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്. തുടർച്ചയായ അഞ്ചു വർഷങ്ങളിലായി സമാന സ്ഥിതിയാണ്. ഗ്രാമപഞ്ചായത്തിൽ മൊത്തം പതിമൂന്ന് കള്ള് ഷോപ്പുകളാണുള്ളത്. 15 മുതൽ 20 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന പല ഷാപ്പുകളിലും മിനിമം തൊഴിലാളിസംഖ്യയായ 5 ആളുകൾ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്. 65 തൊഴിലാളികൾ മാത്രമാണ് നിലവിൽ ഷാപ്പുകളിൽ നിയമപരമായി ജോലിയിൽ ഉള്ളത്. ഭൂരിഭാഗവും കള്ള് ചെത്താത്തവരാണെന്നും ഷാപ്പ് നിലനിർത്താൻ ആയാണ് ഇവരെ ഷാപ്പിന്റെ പേരിൽ നിലനിർത്തിപ്പോകുന്നത്. ഇവർ ഇവരുടെ പേരിലുള്ള പി.എഫ് ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും അടയ്ക്കുന്നതും കൈപ്പറ്റുന്നതും ഷാപ്പ് നടത്തിപ്പുകാരനാണ് എന്നാണ് നിഗമനം. ഒരു ലിറ്റർ പനങ്കള്ള് ഷാപ്പിൽ വിൽക്കുന്നത് 110 രൂപയ്ക്കാണ്. എന്നാൽ ചെത്തു തൊഴിലാളിക്ക് ലഭിക്കുന്നത് 33 രൂപ മാത്രം. അതിൽ നിന്നും ആനൂകൂല്യങ്ങൾക്കായി പിടിക്കുന്ന വിഹിതം വെറെയും.
കള്ള് ലഭിക്കുന്നത് മൂന്ന് ലിറ്ററിൽ താഴെ
ജൂലൈ ആദ്യവാരം കുല വലിച്ച് പനവൃത്തിയാക്കി മാട്ടം കെട്ടുകയും ഓഗസ്റ്റ് പകുതി മുതൽ കള്ള് ചെത്തി ഇറക്കുകയും ചെയ്യും. ഒരു പനയിൽ നിന്നും ശരാശരി 7 മുതൽ 9 ലിറ്റർ വരെ കള്ള് ലഭിച്ചിരുന്നു. ഇപ്പോൾ 3 ലിറ്ററിൽ താഴെയാണ് ലഭിക്കുന്നത്. ഇതിനായി തൊഴിലാളി ഒരു ദിവസം മൂന്ന് പ്രാവശ്യം പന കയറി ഇറങ്ങണം.
പത്ത് പന കയറുന്ന തൊഴിലാളിക്ക് ദിവസ വേതനമായി 800 മുതൽ 900 രൂപ ലഭിച്ചിരുന്നു. നിലവിൽ കാലവസ്ഥ വ്യതിയാനമൂലം കള്ള് കുറഞ്ഞതിനാൽ 500 രൂപയിൽ താഴെയാണ് ലഭിക്കുന്നത്. സ്ഥിതി തുടർന്നാൽ ചെത്ത് തൊഴിൽ അന്യം നിൽക്കുന്ന കാലം വിദൂരമല്ലെന്ന് തൊഴിലാളികൾ പറയുന്നു.
20 വർഷത്തോളമായി ചെത്ത് തൊഴിൽ ചെയ്യുന്നു. അഞ്ചുവർഷത്തിലധികമായ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. കാലാവസ്ഥാ വ്യതിയാനമാണ് പ്രധാനകാരണം. തൽസ്ഥിതി തുടർന്നാൽ ചെത്ത് തൊഴിൽ ഉപേക്ഷിച്ച് മറ്റ് തൊഴിൽ മേഖലകളിലേക്ക് കടക്കാതെ മാർഗ്ഗമില്ല. തൊഴിലാളികൾക്കു സർക്കാർ സഹായം ഏർപ്പെടുത്തുന്ന പദ്ധതികൾ രൂപീകരിക്കണം.
എസ്.സുജീഷ് സ്രാമ്പിച്ചള്ള, പനങ്കള്ള് ചെത്ത് തൊഴിലാളി കാമ്പ്രത്ത്ച്ചള്ള, മുതലമട.