hospital

10.65 കോടി രൂപ ചെലവ്

17000 സ്‌ക്വയർ ഫീറ്റ്

ഒറ്റപ്പാലം: സൂപ്പർ സ്‌പെഷ്യാലിറ്റി മുഖവുമായി ഒറ്റപ്പാലം നഗരസഭ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. പുതിയ ആശുപത്രി കെട്ടിടത്തിന്റെ പ്രവർത്തനം ഉടൻ തുടങ്ങും. സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ലഭിച്ച 10.65 കോടി രൂപ ചെലവഴിച്ചാണ് 17000 സ്‌ക്വയർ ഫീറ്റ് കെട്ടിടം താലൂക്ക് ആശുപത്രിക്കായി നിർമ്മിച്ചത്. മൂന്ന് നിലകളിലായി പണി പൂർത്തീകരിച്ച കെട്ടിടത്തിൽ നിരവധി സംവിധാനങ്ങൾ പ്രവർത്തിക്കും.
ടോക്കൺ, ഇ-ഹെൽത്ത് സൗകര്യം ഉൾപ്പടെ ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ഉണ്ടാകും. താഴത്തെ നിലയിൽ 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവർത്തിക്കും. രണ്ടും മൂന്നും നിലകളിൽ 9 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ ഉൾപ്പടെ ഡോക്ടർമാരുടെ പരിശോധനക്ക് വിപുലമായ സൗകര്യമുണ്ടാവും. ലിഫ്റ്റ് സൗകര്യവും ഉപയോഗിക്കാം. രോഗികൾക്ക് വിശ്രമിക്കാനും ഡോക്ടറുടെ പരിശോധനക്കായി കാത്തിരിക്കാനും വിശാലമായ സൗകര്യം പുതിയ കെട്ടിടത്തിലുറപ്പാക്കിയിട്ടുണ്ട്. ലാബ്, എക്സറെ, ഇ.സി.ജി സ്‌കാനിംഗ് തുടങ്ങിയ രോഗ നിർണയ സംവിധാനങ്ങൾക്ക് പുതിയ കെട്ടിടത്തിൽ പ്രത്യേക സ്ഥലമുണ്ടാകും. സോളാർ പാനലിൽ വൈദ്യുത ആവശ്യങ്ങൾ നിറവേറ്റും. പുതിയ കെട്ടിടത്തിൽ വിശാലമായ പാർക്കിംഗ് സംവിധാനവുമുണ്ട്. കാലപ്പഴക്കം വന്ന പഴയ പുരുഷ വാർഡ് പൊളിച്ച സ്ഥലത്താണ് പുതിയ കെട്ടിടം പണിതിട്ടുള്ളത്. ജില്ലാ ആശുപത്രി പദവിയിലേക്ക് ഉയരാനുള്ള സാധ്യത കൂട്ടുകയാണ് നഗരസഭയുടെ താലൂക്ക് ആശുപത്രി. ജീവനക്കാരുടെ ക്വോട്ടേഴ്സ്, പെവാർഡ്, ബ്ലെഡ് ബാങ്ക്, ഐ.സി.യു തുടങ്ങിയ സംവിധാനങ്ങൾ കൂടി സാധ്യമാക്കാനുള്ള നടപടികളും തുടരുന്നുണ്ട്. ഡയാലിസിസ് സംവിധാനം, ഓങ്കോളജി കീമോ യൂണിറ്റ്, ഡി അഡിക്ഷൻ യൂണിറ്റ്, പാലീയേറ്റീവ് യൂണിറ്റ് എന്നീ ആരോഗ്യ സേവനങ്ങളിലൂടെ ഒറ്റപ്പാലം താലൂക്ക് ആശുപത്രി സേവനസൗകര്യം ഉയർത്തുകയാണ്.