k

പാലക്കാട്: യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തിനായി മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ പാലക്കാടെത്തി. തിരഞ്ഞെടുപ്പാണ് പ്രധാനം,മറ്റ് വിഷയങ്ങൾ അപ്രസക്തമാണെന്ന് പറഞ്ഞ മുരളീധരൻ സ്ഥാനാർത്ഥിയുടെ പേര് പറയാതെയാണ് വോട്ടഭ്യർത്ഥിച്ചത്. ''പാർട്ടി പറഞ്ഞതിനാലാണ് രാഹുലിന്റെ പ്രചാരണത്തിനായി വന്നത്. താൻ വോട്ട് ചോദിക്കുന്നത് ഐക്യജനാധിപത്യ മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും വേണ്ടിയാണ്. വ്യക്തിക്ക് വേണ്ടിയല്ല'' മുരളീധരൻ പറഞ്ഞു.

പെട്ടിയുടെ പിന്നാലെ പോയി ഭരണപരാജയം മറച്ചുവക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോവുകയാണ്. ജനകീയ വിഷയങ്ങളിലൊന്നും ഇടപെടാൻ ഇവർക്ക് താത്പര്യമില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. ബി.ജെ.പി അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.