kalpathy

പാലക്കാട്: കൽപാത്തി രഥോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലെ നാലു ക്ഷേത്രങ്ങളിലും പ്രത്യേക ജപഹോമ അഭിഷേക ദീപാരാധനകൾ വേദപാരായണം തുടങ്ങിയ ചടങ്ങുകൾ നടക്കും. രാത്രി 11.30 മുതൽ 12.30 വരെ പുതിയ കൽപാത്തി ഗ്രാമവീഥിയിൽ നടക്കുന്ന ദേവതാ സംഗമമാണ് അഞ്ചാം തിരുനാളിലെ സവിശേഷമായ ചടങ്ങ്.

ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ഋഷഭാരൂഢനായും ശ്രീലക്ഷ്മീ നാരായണ പെരുമാൾ ആദിശേഷനിൽ ഉപവിഷ്ടനായും ശ്രീ മഹാഗണപതി, ശ്രീ പ്രസന്ന മഹാഗണപതി ദേവതകൾ മൂഷകാരൂഢരായുമായും ശ്രീ സുബ്രഹ്മണ്യ ദേവതയുമാണ് രഥ സംഗമത്തിനെത്തുന്നത്. ക്ഷേത്രങ്ങളിൽ നിന്നുമുള്ള അലങ്കരിച്ച അഞ്ച് ചെറുരഥങ്ങളിൽ ദേവതകൾ ഗ്രാമ വീഥികളിലൂടെ സഞ്ചരിച്ച് പുതിയ കൽപാത്തിയിൽ അർദ്ധരാത്രിയിൽ സംഗമിക്കും. വേദമന്ത്രോച്ചാരണങ്ങളോടെ വേദപണ്ഡിതർ രഥങ്ങളെ അനുഗമിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയും രഥങ്ങൾക്കുണ്ട്.

ദേവതാസംഗമസ്ഥാനത്ത് അനേകം വാദകർ അണിനിരക്കുന്ന നാദസ്വര തവിൽ വാദനവും കലാകാരന്മാരുടെ ചെണ്ടമേളവും അരങ്ങേറും. രഥാരൂഢരായ ദേവത കളുടെ സംഗമസ്ഥാനത്ത് ഭക്തജനങ്ങളെത്തി രഥങ്ങളെ വലംവെച്ച് ദേവതകളെ പ്രാർത്ഥിക്കുന്നത് പ്രധാന ആരാധനാക്രമമാണ്.

 വാഹന പാർക്കിംഗ്:

കൽപാത്തിയിലെ കൽച്ചട്ടി തെരുവ്, ഗോവിന്ദരാജപുരം, ചാത്തപ്പുരം ഔട്ടർ ഭാഗങ്ങൾ പാർക്കിംഗിന് ഉപയോഗിക്കാം.

 കേബിളുകൾ മാറ്റിക്കെട്ടണം
അഞ്ചു ചെറു രഥങ്ങൾ പ്രയാണം നടത്തേണ്ട ദിവസമായതിനാൽ ഗ്രാമവീഥികളിൽ റോഡിന് കുറുകെ മുകളിൽ സ്വകാര്യ ഇന്റർനെറ്റ്, ടെലിവിഷൻ ചാനൽ കേബിളുകൾ രഥ സഞ്ചാരത്തിന് തടസമാകും. അതിനാൽ അടിയന്തരമായി തടസം സൃഷ്ടിക്കുന്ന കേബിളുകൾ ബന്ധപ്പെട്ടവർ പുനഃക്രമീകരിക്കണമെന്നും കൽപാത്തി രഥോത്സവ സംഘാടന സംയുക്ത ക്ഷേത്ര സമിതി അറിയിച്ചു.