ചിറ്റൂർ: സംസ്ഥാനത്ത് നടപ്പ് സീസണിലെ നെല്ല് സംഭരണം വേഗത്തിലാക്കി കർഷകർക്ക് നെല്ലുവില ഉടൻ ലഭ്യമാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആർ.അനിൽ പറഞ്ഞെങ്കിലും സപ്ലൈകോ ജീവനക്കാരുടെ കുറവ് സംഭരണം മന്ദഗതിയിലാക്കുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ നല്ലേപ്പിള്ളിയിൽ സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ചെങ്കിലും പരിശോധനയ്ക്കും മറ്റും വേണ്ടത്ര ജീവനക്കാരില്ലാത്തത് തിരിച്ചടിയായിട്ടുണ്ട്. ചിറ്റൂർ മേഖലയിൽ ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞ് മാസങ്ങളായിട്ടും നെല്ല് സംഭരണം വൈകിയതിൽ കർഷകരിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോൾ സംഭരണം ആരംഭിച്ചെങ്കിലും സപ്ലൈകോ ജീവനക്കാരുടെ കുറവ് വീണ്ടും കാലതാമസം വരുത്തുമോ എന്ന ആശങ്കയിലാണ് കർഷകർ.
കൂടുതൽ ജീവനക്കാരെ നിയോഗിക്കണം
നല്ലേപ്പിള്ളി മൂച്ചിക്കുന്ന് പാടശേഖരത്തിലെ 120 കർഷകരിൽ 40 പേരുടെ നെല്ല് മാത്രമാണ് പരിശോധിച്ച് രസീത് കൊടുത്തത്. 31 പാടശേഖത്തിലെ രണ്ടായിരത്തിലധികം കർഷകരുടെ വീടുകളിൽ പോയി നെല്ല് പരിശോധിക്കാൻ മൂന്ന് ജീവനക്കാരെ മാത്രമാണ് നിയോഗിച്ചിട്ടുള്ളത്. അവർക്കാകട്ടെ മറ്റു പഞ്ചായത്തുകളിലും പരിശോധന ചുമതല ഉണ്ട്. നേരത്തെ റൈസ് മിൽ അലോട്ട്‌മെന്റ്, വെരിഫിക്കേഷൻ നടപടികൾ സമയത്തിന് പൂർത്തിയാക്കാൻ കഴിയാത്തതും ഇടമഴ കാരണം നെല്ല് ഉണക്കാൻ കഴിയാത്തതും നെല്ല് സംഭരണം വൈകാൻ കാരണമായിരുന്നു. അടിയന്തരമായി കൂടുതൽ ജീവനക്കാരെ നിയമിക്കുകയും നെല്ല് കൊണ്ടുപോകാൻ മില്ലുടമകൾ കൂടുതൽ വാഹനം ഏർപ്പാടാക്കുകയും ചെയ്താൽ സംഭരണം വേഗത്തിലാക്കാൻ കഴിയുമെന്ന് പാടശേഖര ഭാരവാഹികളായ വി.രാജൻ, എം.രാമകൃഷ്ണൻ എന്നിവർ പറഞ്ഞു.