 
പട്ടാമ്പി: കാട്ടു പന്നികൾ ഞാറ്റടികൾ നശിപ്പിച്ചതിനെ തുടർന്ന് ടെറസിന് മുകളിൽ ഞാറ്റടി തെയ്യാറാക്കി കുമരനെല്ലൂർ പാടശേഖരത്തിലെ കർഷകർ. രണ്ട് തവണ വയലിൽ ഞാറ് ഇട്ടുവെങ്കിലും കാട്ട് പന്നിക്കൂട്ടം ഇത് നശിപ്പിക്കുകയായിരുന്നു. കുമരനെല്ലൂർ പാടശേഖരത്തിലെ കെ.കെ.വീരാൻ, കുഞ്ഞി മൊയ്തു നാസർ, ഫക്കറുദീൻ, യുസഫ്, ഫിറോസ്, റഫിക്ക് ഹാരിസ്, ഹുസൈൻ കർഷകരുടെ കൃഷിയിടത്തിലെ ഞാറ്റടികളാണ് പന്നി കൂട്ടങ്ങൾ നശിപ്പിച്ചത്. തുടർന്നാണ് കർഷകർ വീട്ടുമുറ്റത്തും ടെറസിന് മുകളിലുമായാണ് പായ് ഞാറ്റടി തയ്യാറാക്കിയത്.
 വിത്ത് മുളക്കാത്തതും പ്രതിസന്ധിയായി
കാട്ടുപന്നിശല്യം കാരണം ഇത്തവണ കൃഷിയുടെ തുടക്കത്തിൽ തന്നെ വലിയ ബാധ്യതയാണ് കർഷകർക്കുണ്ടായത്. കഴിഞ്ഞദിവസം കുമരനെല്ലൂർ പാടശേഖരം പ്രസിഡന്റ് ഒ.യൂസഫിന്റെ വയലിൽ യുവ കർഷകൻ അൽത്താഫ് ഹുസൈൻ വാക്ക് ബിഹൈന്റർ മിഷ്യൻ ഉപയോഗിച്ച് നടീൽ നടത്തി. ഒരു ഏക്കറിന് അയ്യായിരം രൂപ ചെലവായി. കൃഷി ഭവനുകളിൽ നിന്ന് ലഭിച്ച ഉമവിത്ത് മുളക്കാതെയും കർഷകർക്ക് പ്രതി സന്ധിയുണ്ടായതായി കർഷകർ പറഞ്ഞു. ചിലർക്ക് ലഭിച്ച മുപ്പത് കിലോ വിത്ത് ഞാറ്റടിയിൽ നിന്ന് അര ഏക്കർപോലും നാടിന് തികയാതെ വന്നു. കർഷകർ കിലോഗ്രാമിന് 48 രൂപ കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ടി വന്നു. കഷ്ടപ്പെട്ടു നടീൽ പൂർത്തിയാക്കുമ്പോഴേക്കും മഴ കുറഞ്ഞതിനാൽ നെൽ ചെടികൾ ഉണക്ക് ഭീഷണിയും നേരിടുന്നു. ജലസേചനസൗകര്യം ലഭ്യമല്ലാത്ത കപ്പൂർ പഞ്ചായത്തിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലെ കർഷകരുടെ അവസ്ഥ പരിതാപകരമാണ്. കൃഷി വകുപ്പ് അടിയന്തരമായി ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ച് നെൽ കർഷകരുടെ ആശങ്ക അകറ്റണമെന്ന് കർഷകനേതാവ് കെ.മൊയ്തീൻ ലിയാക്കത്ത് ആവശ്യപ്പെട്ടു.