കൊല്ലങ്കോട്: പല്ലശ്ശന പഞ്ചായത്തിലെ പ്രധാന പാതയായ പല്ലാവൂർ-പല്ലശ്ശന റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് തളൂർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് സമരം നടത്തി. മഴക്കാലമായാൽ ചെളിക്കുളമായും വേനൽക്കാലത്ത് പൊടി നിറഞ്ഞും ആറ് കിലോമീറ്റർ റോഡിലെ യാത്ര ദുരിതമായി. കാലാവസ്ഥയെ പഴിച്ച് നവീകരണം വൈകിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതിനാൽ ദ്രുതഗതിയിൽ റോഡ് നവീകരണം പൂർത്തിയാക്കണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. പല്ലശ്ശന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.അശോകൻ, പഞ്ചായത്ത് അംഗം മനു പല്ലാവൂർ, എ.ഹാറൂൺ, വി.എം.കൃഷ്ണൻ, കെ.കെ.ഹരിദാസ്, എം.സുജീഷ്, കെ.മനീഷ്, ആർ.രാജേഷ്, എ.ആദർശ് എന്നിവർ സംസാരിച്ചു.