bharathapuzha
മുഹമ്മദ് മുഹസിൻ എം.എൽ.എ ഭാരത പുഴയോര പാർക്കിന്റെ പുരോഗതി വിലയിരുത്തുന്നു

 പുരോഗതി വിലയിരുത്തി മുഹമ്മദ് മുഹസിൻ എം.എൽ.എ

പട്ടാമ്പി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പട്ടാമ്പിയിൽ ഭാരത പുഴയോര പാർക്ക് യാഥാർത്ഥ്യമാകുന്നു. മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 1.4 കോടി രൂപ ചെലവഴിച്ചാണ് പാർക്ക് നിർമ്മിച്ചത്. താലൂക്ക് ആസ്ഥാനമായ പട്ടാമ്പിയിലോ പരിസരത്തോ ജനങ്ങൾക്ക് ഒഴിവു സമയങ്ങൾ ചിലവഴിക്കാൻ ഒരു പൊതുസ്ഥലമില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പട്ടാമ്പിയുടെ സ്വന്തം നിളയോരത്ത് പാർക്കെന്ന ആശയം ഉടലെടുത്തത്. ആദ്യപടിയായി കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പാർക്കിനാവശ്യമായ സ്ഥലം കണ്ടെത്തി. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആദ്യ ഘട്ടത്തിൽ 90 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതിന്റെ പ്രവർത്തികളെല്ലാം ഏറെക്കുറെ പൂർത്തിയായി. പൂർണമായും എം.എൽ.എ ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന പാർക്കെന്ന പ്രത്യേകതയും ഇതിനുണ്ട്. വ്യായാമത്തിനുള്ള ഉപകരണങ്ങളും വാട്ടർ ഫൗണ്ടനും പാർക്കിൽ സജ്ജമാക്കുന്നുണ്ട്. കുട്ടികളുടെ പാർക്കാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. പട്ടാമ്പിയുടെ പ്രദേശിക ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പാർക്ക് സന്ദർശിച്ച മുഹമ്മദ് മുഹസിൻ എം.എൽ.എ നിർമ്മാണ പുരോഗതി വിലയിരുത്തി. നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി ഒപ്പമുണ്ടായിരുന്നു.