പട്ടാമ്പി: അപകടം പതിവായ പട്ടാമ്പി-പുലാമന്തോൾ പാതയിൽ സുരക്ഷാ ക്രമീകരണങ്ങളുമായി അധികൃതർ. പാതയിൽ അപകടം പതിവായുണ്ടാകുന്ന ഭാഗങ്ങളിൽ സീബ്ര ലൈനുകളും ഹമ്പ് സ്ട്രിപ്പുകളും സ്ഥാപിച്ചു തുടങ്ങി. സീബ്ര ലൈനുകൾ മാഞ്ഞു പോയതിനാൽ ഈ പാതയിൽ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണുണ്ടായത്. അപകട പരമ്പരകളെ കുറിച്ച് കേരള കൗമുദി മാസങ്ങൾക്ക് മുൻപ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. കൊപ്പം ആശുപത്രിപ്പടി ഓട്ടോറിക്ഷ കൂട്ടായ്മയിലെ അംഗങ്ങൾ മാഞ്ഞുപോയ സീബ്രാലൈൻ വീണ്ടും പുനഃസ്ഥാപിക്കാൻ പി.ഡബ്ല്യു.ഡി ഓഫീസർക്ക് പരാതി നൽകിയിരുന്നു. വിളയൂർ ഗവ. യു.പി സ്‌കൂളിന് സമീപം അപകടം പതിവായതിനെ തുടർന്ന് സ്‌കൂൾ അധികൃതർ, പഞ്ചായത്ത് അധികൃതർ, വിദ്യാർത്ഥികൾ, പുളിഞ്ചോട് കൂട്ടായ്മ ഉൾപ്പെടെയുള്ളവർ എം.എൽ.എയ്ക്കും പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെയുള്ളവർക്കും പരാതി നൽകി. കൊപ്പം ഗവ. ആശുപത്രിക്ക് മുന്നിലുള്ള റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് പട്ടാമ്പി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി പി.എം.സൈഫുദ്ദീന്റെ നേതൃത്വത്തിലുളള സംഘവും ആവശ്യപ്പെട്ടിരുന്നു.
ഹമ്പ് സ്ട്രിപ്പുകളും സ്ഥാപിച്ചു
മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവർ പരിശോധന നടത്തിയാണ് മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്‌കൂളിനു മുന്നിൽ സീബ്ര ലൈനും ഹമ്പ് സ്ട്രിപ്പുകളും സ്ഥാപിച്ചു. കൊപ്പം ആശുപത്രിക്ക് സമീപവും സീബ്ര ലൈനുകൾ ഒരുക്കി. ഇതിനുപുറമേ പൊലീസിന്റെ നേതൃത്വത്തിൽ ആമയൂർ കോളേജിന് മുന്നിലും ശങ്കരമംഗലത്തും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.