road

പട്ടാമ്പി: നാഗലശ്ശേരി പഞ്ചായത്തിൽ പ്രധാന റോഡിന്റെ ഇരുഭാഗങ്ങളിലെ കാനകൾ സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയിട്ടും നടപടിയെടുക്കാതെ അധികൃതർ. 12, 13, 14 വാർഡുകളിലൂടെ കടന്ന് പോകുന്ന ഒറ്റപ്പിലാവ് കോതച്ചിറ റോഡിൽ നിരവധി വാഹനങ്ങൾക്കും യാത്രക്കാർക്കും ഗതാഗത തടസമുണ്ടാക്കുന്ന വിധത്തിൽ പാതയുടെ ഇരുവശങ്ങളിലുമുള്ള കാനകൾ സ്വകാര്യ വ്യക്തികൾ നികത്തിയതായി പ്രദേശവാസികൾ ആക്ഷേപമുന്നയിക്കുന്നു. മണ്ണും കരിങ്കൽപ്പൊടികളും നിക്ഷേപിച്ചാണ് കാനകൾ നികത്തിയിരിക്കുന്നത്. ഇതോടെ, മഴ പെയ്താലുള്ള വെള്ളം തൊട്ടടുത്ത വീടുകളിലേക്ക് ഒലിച്ചിറങ്ങിയെത്തുമെന്നും, റോഡിന്റെ തകർച്ചക്കിടയാക്കുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. സമീപവാസിയായ ഓടത്ത് അച്ചുണ്ണി, വിഷയം പ്രദേശത്തെ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നും പറഞ്ഞു. മഴപെയ്താൽ റോഡ് പൂർണ്ണമായും തകരാനിടയുള്ളതിനാൽ വാഹന ഗതാഗതം തടസ്സപ്പെടുമെന്നും പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്ത് അധികൃതർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ട പഞ്ചായത്ത് ജീവനക്കാർ വിഷയം കണക്കിലെടുത്തിട്ടില്ലെന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സമീപ വാസികൾ പറഞ്ഞു.

പരിശോധന നടത്തിയിട്ടുണ്ട്

പാതയുടെ കാനകൾ മണ്ണിട്ട് നികത്തിയ സംഭവം പഞ്ചായത്ത് അധികൃതരെ അറിയിച്ചെന്നും, ബന്ധപ്പെട്ടവർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
ഒ.ടി.അനൂപ്,​വാർഡ് മെമ്പർ.

വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തര നടപടികൾ സ്വീകരിക്കാൻ നാഗലശ്ശേരി ഗ്രാമ പഞ്ചായത്തോ പൊതുമരാമത്ത് വകുപ്പോ തയ്യാറാകണം.

ഒറവിൽ റസാക്ക്,​യൂത്ത് കോൺഗ്രസ് നേതാവ്.