spirit

ചിറ്റൂർ: സമീപകാലത്ത് ചിറ്റൂരിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയ സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുന്നു. കിഴക്കൻ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി ആയിരക്കണക്കിന് ലിറ്റർ സ്പിരിറ്റാണ് ആഴ്ചകൾക്കിടെ പൊലീസും എക്‌സൈസും പിടികൂടിയത്. എന്നാൽ ഇതിന്റെയൊക്കെ ഉറവിടവും യഥാർത്ഥ പ്രതികളേയും കണ്ടെത്തുന്നതിലും തുടർനടപടികൾ സ്വീകരിക്കുന്നതിലും അധികൃതരുടെ ഭാഗത്ത് കടുത്ത വീഴ്ച ഉണ്ടാകുന്നുവെന്ന പരാതി വ്യാപകമാണ്. മേഖലയിൽ സ്പിരിറ്റ് സംഭരണവും വ്യാജകള്ള് നിർമ്മാണവും വ്യാപകമായതിനു പിന്നിൽ എക്‌സൈസ് വകുപ്പിന്റെ പിടിപ്പുകേടാണെന്ന ആരോപണവും ശക്തമാണ്. വർഷങ്ങളായി ചിറ്റൂരിലെ സ്പിരിറ്റൊഴുക്കും വ്യാജ കള്ള് നിർമ്മാണവും ഉന്നതങ്ങളിലുള്ളവർക്കും നിഷേധിക്കാനാകില്ല. എക്‌സൈസ് ഇന്റലിജൻസ് വിഭാഗം വർഷങ്ങൾക്ക് മുമ്പ് സ്പിരിറ്റ് വേട്ടയിൽ റെക്കാർഡ് സൃഷ്ടിച്ചിരുന്നു. ഉറവിടം തേടി പോയി തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്നു വരെ സ്പിരിറ്റ് പിടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കേരളത്തിലേക്കുള്ള സ്പിരിറ്റ് കടത്തിന് ചെറിയ തോതിലെങ്കിലും തടയിടാൻ അന്നു കഴിഞ്ഞിരുന്നു. എന്നാൽ അധികം വൈകാതെ എക്‌സൈസ് വകുപ്പിലെ മിടുക്കരായ ഈ ഉദ്യോഗസ്ഥരിൽ പലരേയും സ്ഥലം മാറ്റി. ചിലർക്ക് സസ്‌പെൻഷൻ വരെ ലഭിച്ചു. തുടർന്നങ്ങോട്ടാണ് ചിറ്റൂർ സ്പിരിറ്റ് സംഭരണ കേന്ദ്രമായി മാറിയത്. കേരളത്തിന്റെ കള്ളുൽപ്പാദന കേന്ദ്രമായ ചിറ്റൂർ വ്യാജകളള് നിർമ്മാണ കേന്ദ്രമായി മാറി. കളള് കടത്ത് പെർമിറ്റുകൾ മറയാക്കി സ്പിരിറ്റ് കള്ളൊഴുക്ക് വ്യാപകമായി.

 എങ്ങുമെത്താത്ത അന്വേഷണങ്ങൾ

ആയിരക്കണക്കിന് ലിറ്റർ സ്പിരിറ്റ് പിടികൂടുന്നുണ്ടെങ്കിലും ഇതിന്റെ തുടരന്വേഷണം എങ്ങുമെത്തുന്നില്ലെന്നതാണ് പ്രധാന ആരോപണം. ഒരു മാസത്തിനിടെ കിഴക്കൻ മേഖലയിൽ തെങ്ങിൻതോപ്പുകളിലും വീടിനു മുന്നിലെ വാട്ടർ ടാങ്കിലും വീടിനകത്തുമെല്ലാം ഒളിപ്പിച്ച നിലയിലുമെല്ലാം സ്പിരിറ്റ് പിടികൂടി. പാലപള്ളത്ത് റോഡോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്പിരിറ്റ് നിറച്ച കന്നാസുകൾ കണ്ടെത്തി. അതിനു മുമ്പ് വളവുപാലത്തും സമാന രീതിയിൽ സ്പിരിറ്റ് കണ്ടെത്തിയിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്തിയില്ല. ഏതാനും ദിവസം മുമ്പ് വണ്ണാമടയിൽ ഇരുചക്ര വാഹനത്തിൽ സ്പിരിറ്റ് കടത്തിയ പ്രതി എക്‌സൈസുകാരെ കണ്ടതോടെ വാഹനം സഹിതം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഈ കേസും അന്വേഷണത്തിലാണ്. അവസാനമായികഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറ കുന്നംപിടാരി ഡാമിനു സമീപം കുറ്റികാട്ടിൽ ഒളിപ്പിച്ച നിലയിൽ 670 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. ഇതിലും പ്രതികളെ കണ്ടെത്തിയിട്ടില്ല.