പാർക്കൊരുക്കുന്നത് കുന്തിപ്പുഴയോരത്ത്

പദ്ധതി ചെലവ് 1.4 കോടി രൂപ

ഒമ്പത് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം

146 മീറ്റർ നീളം

10 മുതൽ 12 മീറ്റർ വരെ വീതിയുള്ള നടപ്പാത

വശങ്ങളിൽ ഓപ്പൺ ജിംനേഷ്യം, ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, കഫ്തീരിയ, ശുചിമുറികൾ, ലൈറ്റുകൾ

അഞ്ചുമീറ്റർ ഉയരത്തിലും 15മീറ്റർ വീതിയിലുമായി അരികുഭിത്തി

നിലം കട്ടവിരിക്കും

മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത കടന്നുപോകുന്ന മണ്ണാർക്കാട് പട്ടണത്തിൽ വൈകുന്നേരങ്ങളിലുൾപ്പെടെ പൊതുജനങ്ങൾക്ക് സ്വസ്ഥമായി വന്നിരിക്കാൻ ഇടമില്ലെന്ന പ്രശ്ന പരിഹാരത്തിന് ഹാപ്പിനെസ് പാർക്ക് പദ്ധതിയുമായി നഗരസഭ. പട്ടണത്തിന്റെ അതിരിട്ടൊഴുകുന്ന കുന്തിപ്പുഴയോരത്ത് പാലത്തിനുസമീപമായാണ് പാർക്ക് നിർമ്മിക്കുക. പാലത്തിന് മറുകരയിൽ സ്വകാര്യആശുപത്രിയുണ്ടായിരുന്ന ഭാഗത്തായാണ് പാർക്കൊരുക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടുള്ളത്. വിശദമായ പദ്ധതി രൂപരേഖ തയ്യാറായി കഴിഞ്ഞു.

എൻ.ഷംസുദ്ദീൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ പദ്ധതിക്ക് അനുവദിക്കാനായി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. നഗരസഭ 40 ലക്ഷവും ചെലവഴിക്കും. ആകെ 1.4 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ വിശദമായ അടങ്കൽതുക ഉടൻ തയ്യാറാക്കും. ഇത് പൂർത്തിയാക്കി പെരുമാറ്റച്ചട്ടം നീങ്ങുന്നമുറയ്ക്ക് ദർഘാസ് നടപടികളിലേക്ക് കടക്കാനാണ് നീക്കം. എം.എൽ.എ ഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തികൾ ജില്ലാ പഞ്ചായത്താണ് ദർഘാസ് ചെയ്യുക. ഒരു മാസത്തിനുള്ളിൽ ഈ നടപടികളിലേക്ക് കടക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഹാപ്പിനെസ് പാർക്ക് തുടങ്ങണമെന്ന് സർക്കാർ ഉത്തരവുകൂടി കണക്കിലെടുത്താണ് പാർക്ക് നിർമ്മാണ നടപടികളുമായി നഗരസഭ മുന്നോട്ടുപോകുന്നത്.