 
 ഇറിഗേഷൻ പദ്ധതിയുടെ മോട്ടോറുകൾ പണിമുടക്കി
ഷൊർണൂർ: നഗരസഭ കൃഷിഭവന് കീഴിലെ കാരക്കാട്, ചുഡുവാലത്തൂർ, കവളപ്പാറ പാടശേഖര സമിതികളിലെ ഏക്കർ കണക്കിന് രണ്ടാം വിള മുണ്ടകൻ നെൽകൃഷി ഉണക്ക് ഭീഷണിയിൽ. ജലസേചനത്തിനായി ഭാരതപ്പുഴയിൽ സ്ഥാപിച്ച ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസുകളിലെ മോട്ടോറുകൾ വെള്ളം കയറി തകരാറിലായതാണ് ഷൊർണൂരിന്റെ നെല്ലറയ്ക്ക് പ്രതിസന്ധിയായത്. ഷൊർണൂർ നഗരസഭയിലെ പാടശേഖരങ്ങൾക്ക് പുറമെ വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി പാടശേഖരത്തിലും ജലസേചനം പ്രതിസന്ധിയിലായി. ഭാരതപ്പുഴ സ്റ്റേഷനു സമീപത്തെ നെൽപ്പാടങ്ങൾ ട്രാക്ടർ പൂട്ടാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയിലാണ്. കടം വാങ്ങിയാണ് രണ്ടാവിള നെൽകൃഷി ചെയ്തതെന്ന് കർഷകർ പറയുന്നു. ജലസേചന ആവശ്യത്തിന് ത്രാങ്ങാലിയിലേയും കവളപ്പാറയിലേയും കനാൽ വൃത്തിയാക്കലും പുഴ ഗതി മാറി ഒഴുകുന്ന സാഹചര്യം വരുമ്പോൾ പമ്പ് ഹൗസിന്റെ സമീപത്തേയ്ക്ക് ജെ.സി.ബി ഉപയോഗിച്ച് ചാൽ എടുത്ത് വെള്ളം എത്തിക്കലുമടക്കം കർഷകർ തന്നെ ചെയ്യേണ്ടി വരുന്നു.
നെൽകൃഷി ഉണങ്ങി തുടങ്ങി
മോട്ടോറുകൾ വെള്ളം കയറി പ്രവർത്തനരഹിതമായതു മൂലം ഏക്കർ കണക്കിന് മുണ്ടകൻ നെൽകൃഷി ഉണങ്ങി തുടങ്ങി. ജൂലായിലെ ശക്തമായ മഴയിൽ ഭാരതപ്പുഴയിൽ വെള്ളം ഉയർന്നാണ് മോട്ടോറുകൾ നശിച്ചത്. പാടശേഖര സമിതികൾ ഷൊർണൂരിലെ മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഓഫീസിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തതായും പറയുന്നു. എന്നാൽ യഥാസമയം മോട്ടോറുകൾ ഉയർത്തി വെയ്ക്കാൻ ഉത്തരവാദിത്വമുള്ള ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ നിരുത്തരവാദിത്വം കാട്ടിയതായി കർഷകർ ആരോപിക്കുന്നു. പാടശേഖരങ്ങളിലേക്ക് ജലസേചനം നടത്താൻ കർഷകർ ആവശ്യപ്പെട്ടതോടെയാണ് മോട്ടോർ പ്രവർത്തനരഹിതമാണെന്ന് ബന്ധപ്പെട്ടവർ മനസിലാക്കുന്നത്. കർഷകരെ സഹായിക്കേണ്ട ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ഏക്കർ കണക്കിന് കൃഷിയാണ് ഉണക്ക് ഭീഷണി നേരിടുന്നത്.
നിവേദനം നൽകി
രണ്ടാം വിള നെൽകൃഷിക്ക് ജലസേചനാവശ്യത്തിനു വേണ്ടി ഭാരതപ്പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസ് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.പ്രസാദ് എന്നിവർക്ക് കാരക്കാട് പാടശേഖര സമിതി പ്രസിഡന്റ് വിജയപ്രകാശ് ശങ്കർ, സെക്രട്ടറി സി.ബിജു എന്നിവർ നിവേദനം നൽകി.