
പാലക്കാട്: മുണ്ടക്കൈ,ചൂരൽമല ദുരന്തത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കേരളം എന്നൊരു സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തിൽ ഇല്ലെന്ന സമീപനമാണ് കേന്ദ്ര സർക്കാരിനുള്ളത്. വയനാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഈ വിവരം പുറത്തുവന്നത്. എസ്.ഡി.ആർ.എഫ് അല്ല,പ്രത്യേക സഹായമാണ് വേണ്ടത്. കേരളത്തിന്റെ മനോഭാവമാണ് പ്രശ്നമെന്ന കെ. സുരേന്ദ്രന്റെ പരാമർശത്തിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനോട് ആരും പണം ചോദിച്ചിട്ടില്ല. എപ്പോൾ വേണമെങ്കിലും ബി.ജെ.പിയുമായി കോംപ്രമൈസ് ചെയ്യുമെന്നതിനാൽ കേന്ദ്രത്തിനെതിരായ സമരത്തിൽ സി.പി.എമ്മിനെ കൂട്ടുപിടിക്കില്ലെന്നും യു.ഡി.എഫ് ഒറ്റയ്ക്ക് സമരം ചെയ്യുമെന്നും സതീശൻ പറഞ്ഞു.