
പാലക്കാട്: ഡോ. പി.സരിൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ കോൺഗ്രസും ബി.ജെ.പിയും അങ്കലാപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ എല്ലാ തെറ്റായ വഴിയിലൂടെയും അവർ തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മേപ്പറമ്പിൽ ഇന്നലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ.പി.സരിൻ എൽ.ഡി.എഫിന്റെ ഭാഗമായപ്പോൾ ഉണർവും ഉത്സാഹവും വർദ്ധിച്ചു. കേരളത്തിലാകെയുണ്ടായ വികസന മുന്നേറ്റത്തിനൊപ്പം നിൽക്കാൻ പാലക്കാടിനും കഴിയണമെന്ന് ഭൂരിഭാഗം ആളുകളുടെയും മനസിലുണ്ട്. ആ ദൗത്യമാണ് ഡോ. പി.സരിൻ ഏറ്റെടുത്തത്. അദ്ദേഹം മിടുക്കനായ സ്ഥാനാർത്ഥിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും ഒത്തുകളിച്ചാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആ ഡീലുകളൊക്കെ ജനം കാണുന്നുണ്ട്. ചരിത്രത്തിൽ പാലക്കാട്ടും അതിന്റെ ഉദാഹരണങ്ങൾ കാണാം. 1960ൽ പട്ടാമ്പിയിൽ ഇ.എം.എസും, 1971 പാലക്കാട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ എ.കെ.ജിയും മത്സരിച്ചപ്പോൾ ഈ അവിശുദ്ധ കൂട്ടുകെട്ട് നാം കണ്ടു. അതിനെ ജനം ബാലറ്റിലൂടെ തള്ളി. ഇത്തവണയും അതുതന്നെ നടക്കും. ഇടതുസർക്കാരിന്റെ വിശ്വാസ്യതയും ജനകീയതയും തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പലവേലകളും ചെയ്യുന്നുണ്ട്. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറയുടെ അടിസ്ഥാനം ആളുകളുടെ അനുഭവമാണ്. വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അനുഭവങ്ങൾ. എല്ലാ മാസവും മുടങ്ങാതെ സാമൂഹ്യപെൻഷൻ നൽകുമെന്ന് സഭയിൽ വ്യക്തമാക്കിയതാണ്. കുടിശികയുടെ ആദ്യഗഡു നൽകി. രണ്ടാം ഗഡു അടുത്തമാസം നൽകും. എട്ടര വർഷത്തെ ഇടതു സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി ഡോ.പി സരിനായി വോട്ടുചോദിച്ചത്.
കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എം.ബി.രാജേഷ്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ, സി.പി.ഐ നേതാവ് കെ.ഇ.ഇസ്‌മായിൽ, ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് എന്നിവർ പങ്കെടുത്തു.