muthalamada
മുതലമടയിലെ കുടുംബാരോഗ്യ കേന്ദ്രം

മുതലമട: പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ മരുന്ന് ക്ഷാമത്തിൽ വലഞ്ഞ് രോഗികൾ. ആയിരക്കണക്കിന് ആദിവാസികൾ ഉൾപ്പെടുന്ന പഞ്ചായത്തിലെ ഏക ആശ്രയമായ മുതലമട ചുള്ളിയാർമേട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് മാസങ്ങളായി മരുന്ന് ക്ഷാമം നിലനിൽക്കുന്നത്. അവശ്യ മരുന്നുകൾ ഉൾപ്പെടെ ഇവിടെ കിട്ടാനില്ലെന്ന് രോഗികൾ പറയുന്നു. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും ലഭിക്കാൻ പുറമേയുള്ള മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കണം. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെയും ചികിത്സയുടെ കാര്യത്തിൽ സമാന സ്ഥിതിയാണ് ഉള്ളത്. പാരാസെറ്റാമോൾ, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ തുടങ്ങിയവ ഭാഗികമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകുന്നുണ്ടെങ്കിലും അസുഖം പൂർണമായും മാറും വരെയുള്ള മരുന്നുകൾക്ക് പുറമെയുള്ള മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മുതലമടക്കാർ.

 ലാബ് പരിശോധനയ്ക്കും നിയന്ത്രണം

പ്രതിദിനം 500 ലേറെ രോഗികൾ എത്തുന്ന ആശുപത്രിയിൽ രണ്ട് ഡോക്ട‌ർ, മൂന്ന് സ്റ്റാഫ് നേഴ്സ്, ഒരു ക്ലാർക്ക്, ഒരു ഓഫീസ് അസിസ്റ്റന്റ്,ഒരു ലാബ് ടെക്നീഷ്യൻ,ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ, നാല് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, രണ്ട് ഗ്രേഡ് 2 ജീവനക്കാർ എന്നിങ്ങനെയാണ് ജീവനക്കാരുള്ളത്. രാവിലെ 9 മണി മുതൽ ഒ.പി പ്രവർത്തിക്കുന്നുണ്ടെങ്കിലും എല്ലാദിവസവും ഇവിടെ വൻതിരക്കാണ് അനുഭവപ്പെടാറുള്ളത്. അത്യാവശ്യ പരിശോധനകൾക്കായി ഒരു ലാബ് ആശുപത്രിയിൽ ഉണ്ടെങ്കിലും രോഗികൾക്ക് പൂർണമായി ഉപയോഗപ്പെടുന്നില്ലെന്നും ആരോപണമുണ്ട്. ലാബ് പരിശോധനകൾ രോഗികൾ പുറമേയുള്ള ലാബിൽ നിന്നുമാണ് ചെയ്യാറുള്ളത്. പുറമെ നിന്ന് മരുന്ന് വാങ്ങാനും ലാബ് പരിശോധനയ്ക്കും ചെലവ് കൂടുതലാണ്. അതിനാൽ മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കുകയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലാബ് രോഗികൾക്ക് ഉപയോഗപ്പെടുത്തുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.