
മണ്ണാർക്കാട്: നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്ന വനാതിർത്തികളിൽ വന്യജീവി പ്രതിരോധത്തിനായി ഒരുക്കേണ്ട സംവിധാനങ്ങളെ കുറിച്ച് വനംവകുപ്പ് തയാറാക്കിയ പദ്ധതി(പ്രൊപ്പോസൽ) ദേശീയസമിതിക്ക് സമർപ്പിച്ചു. സമിതിയുടെ അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികളുണ്ടാകുമെന്നാണ് അധികൃതരിൽ നിന്ന് ലഭ്യമായ വിവരം.
പാത കടന്നുപോകുന്ന മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനാതിർത്തികളിൽ നടപ്പാക്കേണ്ട പ്രതിരോധ സംവിധാനങ്ങളുൾപ്പെടുന്ന വിവരങ്ങൾ മണ്ണാർക്കാട്, സൈലന്റ് വാലി വനം ഡിവിഷൻ അധികൃതർ ചീഫ് വൈൽഡ് ലൈഫ് വാർഡന് നേരത്തെ സമർപ്പിച്ചിരുന്നു
വനാതിർത്തികളിൽ മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിന് കഴിഞ്ഞ ജനുവരിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് വന്യജീവി പ്രതിരോധത്തിനുള്ള പദ്ധതി സമർപ്പിക്കാൻ വനം ഡിവിഷനുകൾക്ക് നിർദേശം നൽകുകയായിരുന്നു. ഇതുപ്രകാരമാണ് റിപ്പോർട്ടുകൾ നൽകിയിട്ടുള്ളത്.
കാട്ടാനകൾക്കായി മേൽപ്പാലം
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പാണക്കാടൻ നിക്ഷിപ്ത വനത്തിലേക്ക് സൈലന്റ് വാലി മലനിരകളിൽ നിന്നുള്ള കാട്ടാനകളുടെ സഞ്ചാരത്തിന് വന്യജീവി മേൽപ്പാലം നിർമിക്കണമെന്നതാണ് ശിപാർശകളിൽ പ്രധാനം.
വനത്തിന് ചുറ്റിലും കുരുത്തിച്ചാൽ മുതൽ ആനമൂളി വരെയും റെയിൽവേലി നിർമാണം, ആനമൂളി മുതൽ വേലിക്കാട് വരെ നിർമിക്കാൻ പോകുന്ന സൗരോർജ്ജ തൂക്കുവേലിയുടെ പരിപാലനം, നിർമിത ബുദ്ധി, ഡ്രോൺ നിരീക്ഷണ സംവിധാനം, ദ്രുതപ്രതികരണ സേനയുടെ ശാക്തീകരണം തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. സൈലന്റ് വാലി വനംഡിവിഷനിൽനിന്ന് നൽകിയ റിപ്പോർട്ടിൽ, വനാതിർത്തികളിൽ വന്യജീവി സാന്നിധ്യം മുൻകൂട്ടി അറിയാൻ 18 നിർമിതബുദ്ധി കാമറകൾ സ്ഥാപിക്കണമെന്നതാണ് ആവശ്യം. 43 കിലോ മീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലി, റെയിൽവേലി, വനത്തിനുള്ളിൽ മൂന്ന് ചെക്ഡാം, പതിനഞ്ച് ഹെക്ടറിൽ സ്ട്രിപ് പ്ലാന്റിംഗ്, 30 കിലോ മീറ്റർ ദൂരത്തിൽ ജൈവ വേലി നിർമാണം, തീപിടിത്തം അണക്കാൻ വാഹനങ്ങൾ, ദ്രുതപ്രതികരണ സേനയ്ക്കുള്ള വാഹനങ്ങൾ, ക്യാമ്പ് ഷെഡ്ഡുകളുടെ നിർമാണം എന്നിവയുമുണ്ട്. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായാണ് പ്രൊപ്പോസൽ ദേശീയസമിതിക്ക് സമർപ്പിച്ചിട്ടുള്ളത്.