election

പാലക്കാട്: വീറും വാശിയും നിറഞ്ഞുനിൽക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാലക്കാട്ടെ പൊളിറ്റിക്കൽ ത്രില്ലറിൽ ട്വിസ്റ്റും ടേണും തുടരുന്നു. കോൺഗ്രസുമായുള്ള പടലപിണക്കത്തിൽ സരിൻ മറുകണ്ടം ചാടിയതിന് സാക്ഷിയായ പാലക്കാട്ടുകാർ ഇപ്പോഴിതാ മറ്റൊരു രാഷ്ട്രീയനീക്കത്തിന് കൂടെ കാഴ്ചക്കാരാകുകയാണ്. ബി.ജെ.പിയുമായുള്ള അസ്വാരസ്യം വെട്ടിത്തുറന്നു പറഞ്ഞ് രംഗത്തെത്തിയ സന്ദീപ് വാര്യർ പാർട്ടിവിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയതാണ് ഏറ്റവുമൊടുവിലെ ട്വിസ്റ്റ്.

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരേ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സരിന്റെ ചുവടുമാറ്റം. തൊട്ടുപിന്നാലെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 'സരിൻ' സ്ഥാനാർത്ഥിയുമായി. പാലക്കാട്ട് ബി.ജെ.പിയെ നേരിടാൻ സി.പി.എം ശക്തരല്ലെന്ന് തെളിയിക്കാൻ എതിർപാളയത്തിൽ ഗൂഢപദ്ധതിയുണ്ടെങ്കിൽ സി.പി.എം അതിന് തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സരിൻ പാർട്ടി വിട്ടതോടെ കോൺഗ്രസ് ബി.ജെ.പി 'ഡീൽ' വിവാദവും ആളിക്കത്തി. വടകരയിലെ സഹായത്തിനുപകരമായി പാലക്കാട്ട് സഹായമെന്ന ഡീലാണ് കോൺഗ്രസും ബി.ജെ.പി.യും തമ്മിലുള്ളതെന്ന് സരിൻ തന്നെ അന്ന് തുറന്നുപറഞ്ഞു. എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിനെ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നടത്തിയ നീക്കങ്ങളാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചതെന്നും ഇതിന്റെ ഗുണഭോക്താവ് ബി.ജെ.പി ആയിരിക്കുമെന്നും സരിൻ ആരോപിച്ചു.

ഇപ്പോഴിതാ, കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത് സന്ദീപ് ഇനി ഏതൊക്കെ വിഷയങ്ങൾ തുറന്നുപറയും എന്നതാണ്. കോൺഗ്രസിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ വാർത്താ സമ്മേളനത്തിൽ തന്നെ 'മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെയും കൂട്ടുകെട്ടിനെക്കുറിച്ച് സന്ദീപ് തുറന്നടിച്ചു. ഇനി രാഷ്ട്രീയം കേരളം ഉറ്റുനോക്കുന്നത് കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സന്ദീപ് എന്തെങ്കിലും വെളിപ്പെടുത്തൽ നടത്തുമോ എന്നതാണ്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണകുമാറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സന്ദീപ് രംഗത്തെത്തിയതോടെയാണ് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ പുറത്തുവന്ന് തുടങ്ങിയത്. പ്രചാരണവേദികളിലെ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. പിന്നാലെ, ആർ.എസ്.എസ് ഇടപെട്ട് വിഷയത്തിൽ മഞ്ഞുരുകുന്നതായും സൂചനയുണ്ടായിരുന്നു. സന്ദീപിനെ സ്വീകരിക്കാൻ സി.പി.എം തയ്യാറാണെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ, ഒരുഘട്ടം കഴിഞ്ഞതോടെ പാർട്ടി പ്രവർത്തകർ തന്നെ സന്ദീപിനെതിരെ സാമൂഹികമാദ്ധ്യമങ്ങളിൽ അധിക്ഷേപം ചൊരിഞ്ഞു. പാലക്കാട്ട് ബി.ജെ.പി തോൽക്കുന്ന സ്ഥിതിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം പൂർണമായും സന്ദീപിനാണെന്നുവരെ പ്രവർത്തകർ പറഞ്ഞുവെച്ചു. ഇതിനെല്ലാമുള്ള മറുപടി വരുംദിവസങ്ങളിൽ സന്ദീപ് തന്നെ പറയുമെന്ന് പ്രതീക്ഷിക്കാം.