sndp

പാലക്കാട്: കേരളത്തിൽ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വഖഫ് ബോർഡ് വിഷയത്തിൽ മുനമ്പം ജനത നടത്തുന്ന സമരങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് പാലക്കാട് യൂണിയൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വഖഫ് ചെയ്യപ്പെട്ട വസ്തുവിൽ മറ്റാർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള അവകാശം നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാതെ നിയമ പരിഹാര സാധ്യതകൾ നിഷേധിച്ച് മത സ്വത്താക്കുന്ന സംവിധാനം ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. നീതിന്യായ വ്യവസ്ഥയിൽ സാമാന്യ ജനങ്ങൾക്ക് വിശ്വാസം വരണമെങ്കിൽ ഏതൊരു തീരുമാനവും ശരിയാണെങ്കിലും തെറ്റാണെങ്കിലും നിയമത്തിന് മുന്നിൽ ചോദ്യം ചെയ്യാനുള്ള അവകാശം പൗരന് ലഭ്യമാകണം. ഈ വിഷയത്തിൽ ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും ദുരിതമനുഭവിക്കുന്നുണ്ട്.
നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോയാൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം തീരുമാനിച്ചു.
യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.രഘു ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി നിവിൻ ശിവദാസ് സ്വാഗതം പറഞ്ഞു. യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ എ.അനിൽകുമാർ, പ്രജീഷ് പ്ലാക്കൽ, ഗിരീഷ് വാഴക്കോട്, വി.വിനീഷ് എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് ജോ.സെക്രട്ടറി എസ്.പ്രശാന്ത് നന്ദി പറഞ്ഞു.