election

പാലക്കാട്: ആവേശം വാനോളമുയർത്തി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്നത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം പാലക്കാടൻ ജനത നാളെ വിധിയെഴുതും. 35 ദിവസത്തെ വിവാദങ്ങളും പോർവിളികളും ട്വിസ്റ്റുകളും നിറഞ്ഞ പ്രചാരണം അവസാനിച്ചപ്പോൾ മുന്നണികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിൽ.

വിജയം നിലനിറുത്താൻ കോൺഗ്രസും മണ്ഡലം പിടിക്കാൻ ബി.ജെ.പിയും കൈവിട്ട പ്രതാപം അസ്തമിച്ചിട്ടില്ലെന്ന് തെളിയിക്കാൻ സി.പി.എമ്മും കളംനിറഞ്ഞ പാലക്കാട്ട് ആവനാഴിയിലെ അവസാന അടവും പുറത്തെടുത്ത് വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. അവസാന നിമിഷത്തിൽ ശക്തി തുറന്നുകാട്ടാനാണ് കലാശക്കൊട്ടിൽ മൂന്ന് മുന്നണികളും ശ്രമിച്ചത്.

ഇന്നലെ വൈകിട്ട് നാലോടെ റോഡ് ഷോകൾ ആരംഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായാണ് രാഹുൽ എത്തിയത്. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരായിരുന്നു പ്രധാന താരം. സിനിമാതാരം രമേഷ് പിഷാരടി, മുസ്ലിം ലീഗ് നേതാവ് മുനവറലി ശിഹാബ് തങ്ങൾ എന്നിവരും സജീവമായിരുന്നു.

വൈകിട്ട് നാലോടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പി.സരിന്റെ റോഡ്‌ഷോ ആരംഭിച്ചത്. മന്ത്രി എം.ബി.രാജേഷ്,​ സി.പി.എം നേതാവ് എ.കെ.ബാലൻ,​ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു എന്നിവർ സരിനൊപ്പം നിറഞ്ഞുനിന്നു.

മേലാമുറി ജംഗ്ഷനിൽ നിന്നാണ് ബി.ജെ.പി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ ആരംഭിച്ചത്. ശോഭാ സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും പങ്കെടുത്തു. പാട്ടും മേളവും നൃത്തവുമായി മൂന്ന് മുന്നണി പ്രവർത്തകരും നഗരത്തെ ആവേശത്തിലാക്കി.

യു.ഡി.എഫിനെ കടപുഴക്കി കടലിൽ തള്ളും. അവസാന നിമിഷത്തെ കള്ളപ്രചാരണം തള്ളിക്കളയണം. കെ.മുരളീധരൻ ഞങ്ങൾക്ക് പ്രയോജനം ചെയ്തു. അദ്ദേഹത്തിന് ഇതിൽ കൂടുതൽ പാർട്ടിയിൽ നിന്ന് കൊണ്ട് പറയാനാകില്ല.

-മന്ത്രി എം.ബി.രാജേഷ്

സി.കൃഷ്ണകുമാർ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. തികഞ്ഞ ആത്മവിശ്വാസമുണ്ട്.

- ശോഭ സുരേന്ദ്രൻ,​

ബി.ജെ.പി നേതാവ്