മുതലമട: തൃശ്ശൂർ-പൊള്ളാച്ചി സംസ്ഥാനപാതയോരത്ത് കാമ്പ്രത്ത്ച്ചള്ള ജംഗ്ഷനിലെ തേനീച്ചക്കൂട്ടം യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാവുന്നു. കാമ്പ്രത്ത്ച്ചള്ള കറവക്കോട് ഇറക്കത്തിലെ പൊതു ശൗചാലയത്തിന് അടുത്തുള്ള ആൽമരത്തിൽ ആണ് തേനീച്ചകൾ കൂട് കൂട്ടിയിരിക്കുന്നത്. രണ്ടുമാസമായി ഇവിടെ തേനീച്ചകൾ എത്തിയിട്ട്. കാറ്റടിക്കുമ്പോഴും പക്ഷികൾ പറന്ന് പോകുമ്പോഴും അക്രമാസക്തരാവുന്ന തേനീച്ചകൾ പരിസരത്തുള്ള ആളുകളെയും യാത്രക്കാരെയും ഉപദ്രവിക്കുന്നത് പതിവാണ്. ഇതുവഴി യാത്ര ചെയ്ത ചുള്ളിയാർ ഡാം സ്വദേശിയെയും അന്യ സംസ്ഥാന തൊഴിലാളിയെയും തേനീച്ചകൾ ആക്രമിച്ചിരുന്നു. വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് നെൽപ്പാടങ്ങൾക്കിടയിലൂടെ ഓടിയാണ് അന്യസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ യാത്ര ചെയ്യുന്ന ഈ റോഡിൽ തേനീച്ചകളുടെ സാന്നിധ്യം വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും അതിനാൽ ഇവയെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.