
പാലക്കാട്: നിശബ്ദ പ്രചാരണ ദിവസമായിരുന്ന ഇന്നലെയും പാലക്കാട് ചൂടു പിടിച്ച രാഷ്ട്രീയ ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചു. സിറാജ്, സുപ്രഭാതം ദിനപത്രങ്ങളിൽ വന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പരസ്യമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ നേരത്തെ നടത്തിയ വിവാദ പരാമർശങ്ങളായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം.
പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ മോണിറ്ററിംഗ് കമ്മിറ്റി അനുമതി നൽകിയിട്ടില്ലെന്നാണ് യു.ഡി.എഫ് ആരോപണം. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ വരാണാധികാരിക്കും അവർ പരാതി നൽകി. ഇതുസംബന്ധിച്ച് വോട്ടെടുപ്പ് കഴിഞ്ഞ് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ഉണ്ടായെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ തുടർനടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പത്രങ്ങളുടെ ജില്ലാ മേധാവിമാർ എ.ഡി.എമ്മിന് വിശദീകരണം നൽകി. പത്രപരസ്യങ്ങൾക്കെല്ലാം അനുമതി തേടിയിരുന്നതായും ആക്ഷേപം ഉള്ളവർ പരാതി നൽകട്ടെ, തങ്ങൾ വിശദീകരണം നൽകാമെന്നും മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി.
ജില്ലാ കളക്ടർ അദ്ധ്യക്ഷനായ മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങളിളിലെ പരസ്യത്തിന് അനുമതി നൽകേണ്ടത്. എൽ.ഡി.എഫ് പരസ്യത്തിന് അനുമതി ഇല്ലെന്നാണ് വിവരം. 'സരിൻ തരംഗം" എന്ന വലിയ തലക്കെട്ടിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. 'ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം" എന്നിങ്ങനെ സന്ദീപിനെതിരായ തലക്കെട്ടുകളുമുണ്ട്. കാശ്മീർ വിഷയത്തിൽ സന്ദീപിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റും ആർ.എസ്.എസ് വേഷം ധരിച്ച് നിൽക്കുന്ന ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സി.എ.എ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകൾ, ഗാന്ധി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള സന്ദീപ് വാര്യരുടെ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വർഗീയതയുടെ കാളകൂടവിഷത്തെ സ്വീകരിച്ചുവെന്നാണ് കോൺഗ്രസിനെതിരെയുള്ള വിമർശനം.
സന്ദീപ് വാര്യരെ അവമതിച്ച് സി.പി.എം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടു കൊണ്ടാണ്. അന്തം വിട്ടവൻ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാർട്ടി.
-കെ.സുധാകരൻ എം.പി,
കെ.പി.സി.സി പ്രസിഡന്റ്