പാലക്കാട്: ആവേശകരമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാർ ഇന്ന് വിധിയെഴുതാനിരിക്കെ, ഇരട്ട വോട്ട് സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിംഗ് ഓഫീസർക്ക് കൈമാറിയതായി പാലക്കാട് ജില്ലാ കളക്ടർ ഡോ. എസ്.ചിത്ര അറിയിച്ചു. ഈ പട്ടികയിപ്പെട്ടവർ വോട്ട് ചെയ്യാൻ എത്തിയാൽ നിയമ നടപടി സ്വീകരിക്കും. ചില ബൂത്തുകളിൽ കൂട്ടത്തോടെ വോട്ട് ചേർത്തതായി കണ്ടെത്തി. രാഷ്ട്രീയ പാർട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കളക്ടർ വ്യക്തമാക്കി. ഇരട്ട വോട്ടിൽ കമ്മിഷൻ നടപടി പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.
നടപടി സി.പി.എം പരാതിയിൽ
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 2700 ഇരട്ട വോട്ടുകൾഉണ്ടെന്ന സി.പി.എമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ല ഭരണകൂടം നടപടി തുടങ്ങിയിരിക്കുന്നത്. ഇരട്ട വോട്ടുള്ളവർ വോട്ട് ചെയ്യാൻ എത്തിയാൽ തടയുമെന്ന് സി.പി.എം. എന്നാൽ അത്തരം ഭീഷണി വേണ്ടെന്നാണ് യു.ഡി.എഫിന്റെ മറുപടി. അതാത് ബൂത്തുകളിൽ ഉള്ള മരിച്ചവരുടെയും സ്ഥിരതാമസമില്ലാത്തവരുടെയും പട്ടിക തയ്യാറാക്കി. ഇതനുസരിച്ച് പാലക്കാടിന്റെ അതിർത്തി മണ്ഡലങ്ങളിൽ ഉള്ള ചില ബൂത്തുകളിൽ കൂട്ടത്തോടെ വോട്ട് ചേർത്തതായി കണ്ടെത്തി. രണ്ടു മണ്ഡലങ്ങളിൽ വോട്ട് ഉള്ളവരുടെയും പാലക്കാട് രണ്ടു ബൂത്തുകളിൽ പേരുള്ളവരുടെയും പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറി.
സംശയമുള്ളവരുടെ പട്ടിക ബൂത്ത് ഏജന്റുമാർക്കും കൈമാറും. ഈ പട്ടികയിൽപെട്ടവർ വോട്ട് ചെയ്യാൻ എത്തിയാൽ അവരുടെ ഫോട്ടോ മൊബൈൽ ആപിൽ അപ്ലോഡ് ചെയ്യും. സത്യവാങ് മൂലവും എഴുതി വാങ്ങും. ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങൽ പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.