മണ്ണാർക്കാട്: ആനമൂളി ചെക്ക് ഡാം മിനി ഡാമാക്കി ഉയർത്താനുള്ള പദ്ധതി സജീവമായി പരിഗണിച്ച് ചെറുകിട ജലസേചന വകുപ്പ്. പദ്ധതി നടപ്പാക്കാൻ മൂന്ന് കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെറുകിട ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് എക്സിക്യൂട്ടിവ് എൻജിനീയർ കത്ത് നൽകിയിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന പ്രകാരം തുടർനടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു. കാർഷിക മേഖലയിലേക്ക് ജലസേചനത്തിനായി വർഷങ്ങൾക്ക് മുമ്പാണ് നെല്ലിപ്പുഴയ്ക്ക് കുറുകെ ആനമൂളിയിൽ ചെക്ക് ഡാം നിർമ്മിച്ചത്. ആനമൂളി ചെക്ഡാം മിനി ഡാമാക്കി ഉയർത്തണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് നാളുകളായി. നിലവിൽ കല്ലും മണ്ണും അടിഞ്ഞ് തകർച്ച നേരിടുകയാണ് ചെക്ക് ഡാം. ഡാം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് എൻജിനീയർക്ക് 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെങ്കിലും തുടർനടപടികളായിട്ടില്ല. ഇതിന്റെ ഗുണഫലങ്ങളും സാധ്യതകളും സംബന്ധിച്ച് സി.പി.ഐ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി മണ്ണാർക്കാട് നടന്ന നവകേരള സദസിൽ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. റിസർവോയറിന്റെ ആഴം വർദ്ധിപ്പിക്കണമെന്നും ചെക്ഡാം നവീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള കർഷക സംഘവും രംഗത്തെത്തിയിരുന്നു.
സംഭരണശേഷി കുറഞ്ഞു
കാഞ്ഞിരപ്പുഴ വലതുകര കനാലിന്റെ മേൽഭാഗത്തുള്ള തെങ്കര മേഖലയിലേയും കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ ഒരുഭാഗത്തേയും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനായാണ് നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ചെക്ഡാം നിർമ്മിച്ചത്. 1960കളിൽ അട്ടപ്പാടിവാലി ജലസേചന പദ്ധതിയുടെ ഭാഗമായി കമ്മീഷൻ ചെയ്തതാണ് ആനമൂളി ചെറുകിട ജലസേചന പദ്ധതി എന്ന പേരിലുള്ള ഈ ചെക്ഡാം. തമിഴ്നാടിന്റെ എതിർപ്പിനെ തുടർന്ന് അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതി നിലച്ചെങ്കിലും ആനമൂളി ചെറുകിട ജലസേചന പദ്ധതി പ്രാവർത്തികമായി. അട്ടപ്പാടി മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന മന്ദംപൊട്ടി, കരുവാരപൊട്ടി എന്നീ ചോലകളിലെ വെള്ളം ആനമൂളിയിലെ ചെക്ക്ഡാമിൽ സംഭരിച്ച് ഇടതുവലതു കനാലുകൾ വഴി പാടശേഖരങ്ങളിലേക്കെത്തിക്കുന്നതാണ് പദ്ധതി. ജലവിതരണത്തിനായി ചെക്ഡാമിന്റെ ഇരുവശങ്ങളിലും ഷട്ടറുകളുണ്ട്. തുടർച്ചയായ രണ്ട് പ്രളയത്തിൽ അട്ടപ്പാടി ചുരത്തിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒഴുകിയെത്തിയ കല്ലും മണ്ണും അടിഞ്ഞ് കൂടിയത് ചെക്ഡാമിന്റെ സംഭരണശേഷി കുറച്ചിട്ടുണ്ട്. റിസർവോയർ മണ്ണെടുത്ത് വൃത്തിയാക്കിയാൽ വേനൽക്കാലത്തും വെള്ളം ഉറപ്പാക്കുന്നതോടൊപ്പം സമീപപ്രദേശങ്ങളിലെ കിണറുകളിലും നെല്ലിപ്പുഴയിലും ജലനിരപ്പ് നിലനിർത്താനുമാകും.