മുതലമട: ചുള്ളിയാർ, മീങ്കര അണക്കെട്ടുകളുടെ മെയിൻ കനാലുകളിലെയും ബ്രാഞ്ച് കനാലുകളിലെയും ഫീഡർ കനാലുകളിലെയും തടസങ്ങൾ പൂർണമായും മാറ്റാതെയാണ് ഇത്തവണ ശുചീകരണം നടത്തിയതെന്ന് കർഷകർ. ചുള്ളിയാർ ഡാമിന്റെ 10.58 കിലോമീറ്റർ മെയിൽ കനാലിന്റെയും മീങ്കര ഡാമിന്റെ 10.50 കിലോമീറ്റർ മെയിൻ കാനാലിന്റെയും മീങ്കര ചുള്ളിയാർ 21 കിലോമീറ്റർ മെയിൻ കനാലിന്റെയും തടസങ്ങൾ പൂർണമായും നീക്കാത്തതിനാൽ കനാലുകൾ തുറന്ന് മൂന്ന് മാസത്തിനുള്ളിൽ കാടു കയറി നശിക്കാൻ സാധ്യതയുണ്ട്.
93 കിലോമീറ്റർ കനാൽ
മീങ്കര, ചുള്ളിയാർ, ആർ.ബി.സി ഊട്ടറ സെക്ഷനുകളിലായി 93 കിലോമീറ്റർ കനാൽ ശ്യംഖലയുണ്ട്. കഴിഞ്ഞവർഷം മീങ്കരയിലും ചുള്ളിയാറിലും ജലനിരപ്പ് താഴ്ന്നതിനാൽ കനാൽ ശുചീകരിക്കുകയോ ജലവിതരണം നടത്തുകയോ ചെയ്തിട്ടില്ല. മുൻപ് തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയപ്പോൾ കനാലിന്റെ ഇരുവശത്തുമുള്ള ആറ് മീറ്റർ കാട് പൂർണമായും വെട്ടിത്തെളിച്ച് മണ്ണ് കോരി മാറ്റിയും ആണ് ശുചീകരണം നടത്തിയത്. നിലവിലെ ശുചീകരണത്തിൽ കനാലിന്റെ ഇരുവശത്തുമുള്ള ഒരു മീറ്ററിൽ താഴെയുള്ള പുല്ലുകൾ മാത്രമാണ് വെട്ടുന്നത്. ഇതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. ഫണ്ടിന്റെ അഭാവമാണ് കനാൽ ശുചീകരണം ഇത്തരത്തിൽ ചുരുങ്ങാൻ കാരണമെന്നാണ് പറയുന്നത്. നേരത്തെ ഒരു ചതുരശ്ര മീറ്റർ പുല്ലു വെട്ടാൻ ഒമ്പതു രൂപ നിരക്ക് ഉണ്ടായിരുന്ന സമയത്തെ ഫണ്ടാണ് ഇപ്പോഴും ഉള്ളത്. നിലവിൽ കരാറുകാർക്ക് 15 രൂപ നിരക്ക് നൽകണം.
കനാൽ ശുചീകരണം പേരിന് മാത്രമാക്കിയതിൽ ആശങ്കയുണ്ട്. കനാലുകളുടെ ഇരുവശത്തുമുള്ള മരങ്ങളും കാടുകളും വെട്ടിമാറ്റാൻ മൂന്ന് മാസം മുമ്പ് അധികൃതരോട് ആവശ്യപ്പെട്ടതാണ്. കാട് വെട്ടിത്തെളിച്ച് മണ്ണ് മാറ്റിയാൽ മാത്രമേ നെൽപ്പാടങ്ങളിലേക്ക് വെള്ളം സുഗമമായി എത്തുകയുള്ളൂ.
കെ.രാധാകൃഷ്ണൻ വടവന്നൂർ, പ്രസിഡന്റ്, കിസാൻ ജനത നെന്മാറമണ്ഡലം