
പാലക്കാട്: സംഘർഷവും അനാവശ്യ വിവാദവും ഒഴിവാക്കാനാണ് വോട്ട് ചെയ്യാതിരുന്നതെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇരട്ട വോട്ട് ആരോപണം ഹരിദാസൻ നേരിട്ടിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നിർദേശ പ്രകാരമാണ് വോട്ട് ചെയ്യേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചത്. ഹരിദാസിന് ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് 73ാം നമ്പർ ബൂത്തിൽ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു. ആറ് മണിവരെ ബൂത്തിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ തമ്പടിക്കുകയും ചെയ്തിരുന്നു.
കെ.എം.ഹരിദാസിന് ഇരട്ടവോട്ടുണ്ടെന്ന ആരോപണവുമായി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവാണ് രംഗത്തെത്തിയത്. പട്ടാമ്പിയിലും പാലക്കാട്ടുമായി ഇരട്ടവോട്ടുണ്ടെന്നായിരുന്നു ആരോപണം. താൻ കുറേക്കാലമായി പാലക്കാട് ബി.ജെ.പി ജില്ലാ ഓഫീസിലാണ് താമസിക്കുന്നതെന്നും അതിനാലാണ് വോട്ട് ഇവിടേയ്ക്ക് മാറ്റിയതെന്നുമായിരുന്നു ഹരിദാസിന്റെ പ്രതികരണം.