
പാലക്കാട്: വോട്ടെടുപ്പിന്റെ അവസാന നിമിഷം പാലക്കാട് വെണ്ണക്കര 48ാം നമ്പർ ബൂത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവും. വോട്ടർമാരുടെ പരാതി പരിഹരിക്കാൻ എത്തിയ രാഹുലിനെ ബി.ജെ.പി പ്രവർത്തകർ തടയുകയായിരുന്നു. രാഹുൽ വോട്ടഭ്യർത്ഥിച്ചു എന്നാണ് ബി.ജെ.പി ആരോപിച്ചത്. ആരോപണം തെളിയിച്ചാൽ മാപ്പ് പറയാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
വെണ്ണക്കരയിലെ ബൂത്തിൽ വോട്ടർമാരുടെ വലിയ നിരയാണെന്നും ഇത് സംബന്ധിച്ച് ചിലർ പരാതി ലഭിച്ചതായും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തന്റെ കൈവശം കാൻഡിഡേറ്റ് പാസ് ഉണ്ട്. പോളിംഗ് സ്റ്റേഷനിൽ പോകാൻ അധികാരം നൽകുന്നതാണ് ആ പാസ്. അകത്തു കയറി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ബി.ജെ.പി പ്രവർത്തകർ വരികയും പുറത്തുപോകാൻ പറയുകയായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വന്നപ്പോൾ പ്രവർത്തകർ തടഞ്ഞില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
നിയമം എല്ലാവർക്കും ബാധകമാണെന്ന് പറഞ്ഞ് രാഹുൽ അവിടെത്തന്നെ നിലയുറപ്പിച്ചു. ഇതോടെ ബി.ജെ.പി പ്രവർത്തകർ പ്രകോപിതരായി. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തി രണ്ട് കൂട്ടരേയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. പൊലീസിന്റെ അഭ്യർത്ഥന പ്രകാരം രാഹുൽ മടങ്ങിപ്പോയി. രാഹുൽ മാങ്കൂട്ടത്തിൽ വോട്ടഭ്യർത്ഥിച്ചുവെന്ന ആരോപണവുമായി സി.പി.എം പ്രവർത്തകരും രംഗത്തെത്തി.