പള്ളി പരിസരത്ത് കുള്ളൻ പ്ലാവുകളിലും വള്ളിപ്പടർപ്പിലുമായി വിളഞ്ഞത് നൂറുകണക്കിന് ചക്കകൾ
വടക്കഞ്ചേരി: ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യത്യസ്ത രീതിയിലുള്ള ചക്ക കൃഷിയും ഗവേഷണങ്ങളും വ്യാപകമായിരുന്നു. അതിന്റെ വിജയ മാതൃകയാണ് മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി പരിസരത്തെ പ്ലാവുകളും ഇവയിൽ വിളഞ്ഞ് നിൽക്കുന്ന ചക്കകളും. പള്ളിമുറ്റത്തെയും കന്നാസുകളിലെയും ഗ്രോബാഗുകളിലെയുമെല്ലാം കുഞ്ഞൻ പ്ലാവുകളിൽ ചക്ക നിറയുന്നത് വർഷങ്ങളായുള്ള വിസ്മയ കാഴ്ചയാണ്. ഇക്കുറി മറ്റൊരു വേറിട്ട ചക്കക്കാഴ്ച കൂടിയുണ്ട് പള്ളിമുറ്റത്ത്.
വള്ളികൾ പോലെ വളർത്തുന്ന പ്ലാവിലും ഇക്കുറി ചക്ക നിറഞ്ഞിരിക്കുകയാണ്. ഒന്നും രണ്ടുമല്ല എണ്ണാൻ പറ്റാത്തത്ര എന്നൊക്കെ പറയാം. ഇക്കുറി കാലാവസ്ഥ ശരിയാകാത്തതിനാലാണ് അതല്ലെങ്കിൽ ചക്ക ഇതിലും കൂടുതൽ ഉണ്ടാകുമായിരുന്നെന്ന് ഫൊറോന വികാരി പറഞ്ഞു.
കുള്ളൻ പ്ലാവിൽ അമ്പതിലേറെ ചക്കകൾ
ആറടിയോളം ഉയരത്തിൽ ഇരുമ്പിന്റെ ആങ്ക്ളർ സ്ഥാപിച്ച് അതിലാണ് ഈ പ്ലാവ് പടർത്തി വളർത്തുന്നത്. പത്തടിയിലേറെ നീളത്തിൽ പ്ലാവുതടി പടർന്നിട്ടുണ്ട്. 'വിയറ്റ്നാം ഏർലി സൂപ്പർ' എന്ന കുഞ്ഞൻ പ്ലാവിനമാണ്. പ്ലാവുകൾക്കെല്ലാം ഇപ്പോൾ ആറുവർഷത്തോളം പ്രായമുണ്ട്. അമ്പതും അറുപതും ചക്കകളുള്ള കുള്ളൻ പ്ലാവുകളും നിരവധി. പള്ളിക്കു ചുറ്റിലും സ്‌കൂൾ ഗ്രൗണ്ടിന്റെ അതിർത്തികളിലുമൊക്കെയായി ഇത്തരത്തിലുള്ള ഇരുന്നൂറിനടുത്ത് പ്ലാവുകളുണ്ട്. ദേവാലയത്തിന്റെ റൂബി ജൂബിലിയോടനുബന്ധിച്ചാണ് ചക്കകൃഷിക്ക് തുടക്കം കുറിച്ചത്. രൂപതാദ്ധ്യക്ഷനായിരുന്ന മാർ ജേക്കബ് മനത്തോടവും കർഷകരുമാണ് പ്ലാവിൻ തൈകൾ നട്ട് മംഗലംഡാമിൽ പുതുചരിത്രത്തിന് തുടക്കംകുറിച്ചത്. മംഗലംഡാമിലെ അന്നത്തെ ഫൊറോന വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിന്റെ നേതൃത്വത്തിലായിരുന്നു ഇടവക സമൂഹത്തിന്റെ പ്ലാവുകൃഷി. ഇന്നിപ്പോൾ മംഗലംഡാമിലെ ഏതു വീട്ടുമുറ്റത്തും ഒരു പ്ലാവെങ്കിലും കാണാമെന്നതാണ് നാടിന്റെ പ്രത്യേകത. ചക്ക പെരുമ കേട്ടറിഞ്ഞ് നിരവധി ആളുകൾ ഇവിടം സന്ദർശിക്കുന്നുമുണ്ട്.